ചെങ്ങന്നൂര്‍: കെഎസ്ആര്‍ടിസി ഡിപ്പോയിലെ താല്‍ക്കാലിക ജിവനക്കാരിക്കെതിരെ മാനസിക പീഡനം. പരാതിയെ തുടര്‍ന്ന് സെക്യൂരിറ്റി ഗാര്‍ഡിനെതിരെ പോലീസ് കേസെടുത്തു. ദിവസവേതന അടിസ്ഥാനത്തില്‍ സ്വീപ്പര്‍ ജോലി നോക്കുന്ന കാരയ്ക്കാട് സ്വദേശിയായ 43കാരിയുടെ പരാതിയിലാണ് സെക്യൂരിറ്റി ഗാര്‍ഡായ അബ്ദുള്‍ സലാമിനെതിരെ പോലീസ് കേസെടുത്തത്. പട്ടികജാതി വിഭാഗത്തില്‍പെട്ട വിധവയും രണ്ട് കുട്ടികളുടെ അമ്മയുമാണ് ജീവനക്കാരി. ചെങ്ങന്നൂര്‍ ഡിപ്പോയിലെ കണ്ടക്ടറായിരുന്ന ഭര്‍ത്താവ് 2010ല്‍ ജോലിക്കിടയില്‍ കുഴഞ്ഞ് വീണ് മരിച്ചതോടെ കുടുംബത്തിന് ജീവിത മാര്‍ഗ്ഗമായാണ് ഭാര്യയ്ക്ക് മുഖ്യമന്ത്രിയുടെ സുതാര്യകേരളം വഴി ചെങ്ങന്നൂര്‍ ഡിപ്പോയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ സ്വീപ്പര്‍ ജോലി നല്‍കിയത്.
ജോലി ചെയ്യിപ്പിക്കുക എന്ന വ്യാജേന ലൈംഗിക ചുവയുള്ള ഭാഷയില്‍ സംസാരിക്കുന്ന സെക്യൂരിറ്റി ഗാര്‍ഡ് നിരന്തരം ജീവനക്കാരിയെ ശല്യം ചെയ്തിരുന്നു. തുടര്‍ന്ന് മക്കളെ വളര്‍ത്തേണ്ടതിനാല്‍ വീണ്ടും ജോലിക്ക് വരികയായിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 21ന് രാവിലെ 10 മണിയോടെ ഡിപ്പോയിലെ വസ്ത്രം മാറുന്ന മുറിയില്‍ വച്ച് ജീവനക്കാരി ഭക്ഷണം കഴിക്കുമ്പോള്‍ അവിടേയ്ക്ക് കയറി വന്ന സെക്യൂരിറ്റി ഗാര്‍ഡ് അബ്ദുള്‍ കലാം ലൈംഗികചുവയോടെ സംസാരിച്ചു. ഉടന്‍ തന്നെ കൈകഴുകാനായി എഴുന്നേറ്റ ജീവനക്കാരിയെ ഇയാള്‍ വലത് തോളില്‍ കടന്നു പിടിച്ച് ദേഹത്തോട് അടുപ്പിക്കുകയും ചെയ്തു. ഇതോടെ ജീവനക്കാരി ഭയന്ന് കുതറി മാറി ഓഫീസിലേക്ക് പോകുകയായിരുന്നു. സൂപ്രണ്ടിനോട് പലതവണ വാക്കാല്‍ പരാതി പറഞ്ഞിരുന്നു. സെക്യൂരിറ്റി ഗാര്‍ഡിലെ തനിക്ക് പേടിയാണെന്നും അദ്ദേഹം വളരെ മോശമായി തന്നോട് പെരുമാറുന്നുവെന്നും പറഞ്ഞിരുന്നു. തുടര്‍ന്ന് എടിഒയോട് പരാതി പറയാന്‍ സൂപ്പണ്ട് പറഞ്ഞു. ഇതിനുശേഷം എടിഒയുടെ മുന്നില്‍ പരാതി പറഞ്ഞു. സെക്യൂരിറ്റിയോട് സംസാരിച്ച് താക്കീത് നല്‍കാമെന്നും പറഞ്ഞു. എന്നാല്‍ പിന്നീട് കൂടുതല്‍ വൈരാഗ്യത്തിലാണ് ഇയാള്‍ പെരുമാറിയതെന്ന് ജീവനക്കാരി പറയുന്നു. 27ന് വീണ്ടും പറയുന്നതു പോലെ കേട്ടില്ലെങ്കില്‍ നിന്റെ ജോലി തെറിപ്പിക്കുമെന്നും അല്ലെങ്കില്‍ ഒരു ദിവസം ഇയാളെ കാണണമെന്നും അങ്ങനെയായാല്‍ കുഴപ്പമില്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. താമസിക്കാതെ കണ്ടില്ലെങ്കില്‍ നിന്നെയും മക്കളേയും ഞാന്‍ പട്ടിണിക്കിടും എന്നും പറഞ്ഞു. എന്നാല്‍ ജീവനക്കാരിയെ കടന്നു പിടിച്ച സെക്യൂരിറ്റി ഗാര്‍ഡ് തനിക്കെതിരെ പരാതിയുണ്ടാകുമെന്ന് മനസിലാക്കി ജീവനക്കാരിക്കെതിരെ എടിഒയ്ക്ക് വ്യാജപരാതി നല്‍കി. ജീവനക്കാരി ജോലി ചെയ്യുന്നില്ലെന്ന വ്യാജപരാതിയാണ് എടിഒയ്ക്ക് നല്‍കിയത്.
ഇതനുസരിച്ച് 27ന് ജീവനക്കാരിയെ എടിഒ വിളിപ്പിച്ചെങ്കിലും പറയുന്നതൊന്നും കേള്‍ക്കാന്‍ എടിഒ തയ്യാറായില്ല. സെക്യൂരിറ്റി പറയുന്നതെല്ലാം ചെയ്താല്‍ മതിയെന്ന് പറഞ്ഞ് ഇറക്കിവിടുകയായിരുന്നു. ഒടുവില്‍ കരഞ്ഞു പറഞ്ഞിട്ടു പോലും തനിക്കതിരെയുള്ള മാനസിക പീഡനത്തിന് പരിഹാരം നല്‍കാന്‍ തയ്യാറാകാതെ വന്നതോടെ ജീവനക്കാരി ഓഫീസിന് മുന്നില്‍ കിടന്ന് നിലവിളിക്കുകയായിരുന്നുവെന്ന് ഡിപ്പോയിലെ ജീവനക്കാര്‍ തന്നെ പറയുന്നു. ഇതിനു ശേഷം മാനസികമായി ബുദ്ധിമുട്ടിലായ ജിവനക്കാരി 28ന് ഡിപ്പോയില്‍ എത്തിയ ശേഷം ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി. തുടര്‍ന്ന് ഡാക്ടര്‍ തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്. ഇതോടെ ജീവനക്കാരി പരാതി നല്‍കുകയായിരുന്നു. എന്നാല്‍ പരാതി നല്‍കി കേസെടുത്തിട്ടും അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുന്നത് വൈകുന്നതായും ജീവനക്കാരി പറയുന്നു. പ്രതിയെ രക്ഷിക്കാനുള്ള ശ്രമവും നടക്കുന്നുണ്ടെന്ന് ആരോപണമുണ്ട്.