തിരുവനന്തപുരം : ബുദ്ധിമാന്ദ്യമുള്ള പതിനാലുകാരനെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് പ്രതിക്ക് മുപ്പത് വര്‍ഷവും മൂന്ന് മാസവും കഠിന തടവും നാല്‍പ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. മണ്ണന്തലയ്ക്ക് സമീപം ലക്ഷം വീട് കോളനിയില്‍ മുരുകന്‍ എന്ന് വിളിക്കുന്ന കാപ്പിപ്പൊടി മുരുകന്‍ (47) നെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി ആര്‍.ജയകൃഷ്ണന്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും ഒമ്പത് മാസം കൂടി ശിക്ഷ അനുഭവിക്കുകയും വേണം.
2018 ഒക്ടോബര്‍ 13-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിന് അടുത്ത് താമസിക്കുന്ന പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി തന്റെ വീട്ടിനുള്ളില്‍ കയറ്റി പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കുകയായിരുന്നു. അടുത്ത ദിവസം കുട്ടി ഗ്രൗണ്ടില്‍ കളിച്ച് കൊണ്ടിരിക്കുന്ന സമയത്ത് പ്രതി വീണ്ടും ബലം പ്രയോഗിച്ച് കുട്ടിയെ വീട്ടില്‍ കൊണ്ട് പോയി പീഡിപ്പിച്ചു. കൊന്ന് കളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതിനാല്‍ കുട്ടി പേടിച്ച് വീട്ടുകാരോട് പറഞ്ഞില്ല.
എന്നാല്‍ പ്രതി വീണ്ടും പീഡിപ്പിക്കാന്‍ വിളിച്ചപ്പോള്‍ കുട്ടി അമ്മയോട് പറഞ്ഞു. അമ്മ മണ്ണന്തല പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആര്‍. എസ്. വിജയ് മോഹനാണ് കോടതിയില്‍ ഹാജരായത്.
കുട്ടിക്ക് പിഴ തുകയും സര്‍ക്കാര്‍ നഷ്ട പരിഹാരം നല്‍കണമെന്നും കോടതി വിധി ന്യായത്തില്‍ പറയുന്നു. സംഭവത്തോട് അനുബന്ധിച്ച് കുട്ടിയും വീട്ടുകാരും അനുഭവിച്ച മാനസിക വിഷമം മനസ്സിലാക്കേണ്ടത് കോടതിയുടെ ചുമതലയാണ്. അതിനാല്‍ പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് ജഡ്ജി വിധിന്യായത്തില്‍ വ്യക്തമാക്കി.