പ്രത്യേകിച്ച് ഒരു ആമുഖവും വേണ്ടാത്ത ആഡംബര വാഹന നിർമാതാക്കളാണ് മെർസിഡീസ് ബെൻസ്. കുട്ടിക്കാലം മുതലേ നാം കേട്ടുപരിചയിച്ച ബ്രാൻഡ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ലക്ഷ്വറി കാർ മാനുഫാക്ച്ചേഴ്‌സാണ്. ഇന്ത്യയിലും സ്ഥിരസാന്നിധ്യമായ കമ്പനി AMG G 63 ഗ്രാൻഡ് എഡിഷൻ എന്നൊരു സ്പെഷ്യൽ എസ്‌യുവിയുമായി കടന്നുവന്നിരിക്കുയാണിപ്പോൾ. ആഗോളതലത്തിൽ നിർമിക്കുന്ന ഗ്രാൻഡ് എഡിഷന്റെ 1,000 യൂണിറ്റുകളിൽ വെറും 25 യൂണിറ്റുകൾ മാത്രമാണ് ഇന്ത്യയിലേക്ക് എത്തുന്നത്. പക്ഷേ എല്ലാവർക്കും വണ്ടികിട്ടില്ല കേട്ടോ. അതിനും ചില നിബന്ധനകളുണ്ട്. മെർസിഡീസ് മെയ്ബാക്ക്, മെർസിഡീസ് AMG അല്ലെങ്കിൽ മെർസിഡീസ് S-ക്ലാസ് ഉടമയാണെങ്കിൽ മാത്രമേ പുതിയ AMG G 63 ഗ്രാൻഡ് എഡിഷൻ വാങ്ങാനാവൂ എന്നാണ് കമ്പനി പറയുന്നത്.
ഗോൾഡൻ ഗ്രാഫിക്‌സോടുകൂടിയ എക്‌സ്‌ക്ലൂസീവ് മാനുഫാക്തൂർ നൈറ്റ് ബ്ലാക്ക് മാഗ്നോ കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങിയാണ് മെർസിഡീസ് AMG G 63 ഗ്രാൻഡ് എഡിഷൻ വിപണിയിൽ എത്തുന്നത്. അതുപോലെ തന്നെ ഗോൾഡൻ നിറത്തിൽ ഒരുങ്ങിയിരിക്കുന്ന വലിയ 22 ഇഞ്ച്, സെന്റർ ലോക്ക് ഫോർജ്ഡ് AMG അലോയ് വീലുകളോടെയാണ് എസ്‌യുവി വിപണിയിലേക്ക് വരുന്നത്. മുന്നിലും പിന്നിലും ബമ്പറുകളിൽ ഗോൾഡ് ഇൻലേകൾ, മുൻവശത്ത് ഒപ്റ്റിക്കൽ അണ്ടർറൈഡ് പ്രൊട്ടക്ഷൻ, സ്പെയർ വീൽ ഇൻലേയിൽ മെർസിഡീസ് സ്റ്റാർ, സ്പെയർ വീൽ റിംഗ് എന്നിവയും സ്റ്റാൻഡേർഡ് പതിപ്പിനെ അപേക്ഷിച്ച് ഗ്രാൻഡ് എഡിഷന് ലഭിക്കുന്നുണ്ട്. ഇന്റീരിയറിലും ചില പരിഷ്ക്കാരങ്ങൾ കാണാനാവും.
വെറും 4.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും ഈ ലക്ഷ്വറി എസ്‌യുവിക്ക് സാധിക്കും. അതേസമയം 220 കിലോമീറ്റർ ആണ് മെർസിഡീസ് AMG ഗ്രാൻഡ് എഡിഷന് കൈവരിക്കാനാവുന്ന ഉയർന്ന വേഗത. മെർസിഡീസിന്റെ 4 വീൽ ഡ്രൈവ് സംവിധാനമായ 4MATIC സിസ്റ്റമാണ് സ്പോർട് യൂട്ടിലിറ്റി വാഹനത്തിലെ മറ്റൊരു ഹൈലൈറ്റ്. മോഡലിനായുളഅള ഡെലിവറി 2024 ആദ്യപാദത്തിൽ ആരംഭിക്കുമെന്നും ബെൻസ് അറിയിച്ചിട്ടുണ്ട്. നിലവിൽ ഇലക്‌ട്രിക് കാറുകളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന കമ്പനി EQE ഇലക്‌ട്രിക് എസ്‌യുവിയെയും വിപണിയിൽ അവതരിപ്പിച്ചിരുന്നു.
1.39 കോടി രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഈ മോഡലിനെ കമ്പനി വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. 90.56 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കിൽ നിന്ന് ഒറ്റ ചാർജിൽ എസ്‌യുവിക്ക് 765 കിലോമീറ്റർ റേഞ്ച് വരെ നൽകാനാവുമെന്നാണ് ബെൻസ് അവകാശപ്പെടുന്നത്. ഇവിയിൽ ഓൾ-വീൽ ഡ്രൈവ് (AWD) സംവിധാനം സ്റ്റാൻഡേർഡായി ലഭിക്കുന്നുണ്ട്. ഇലക്‌ട്രിക് വാഹനങ്ങൾക്കായുള്ള മെർസിഡീസ് ബെൻസിന്റെ പുതിയ EVA പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് EQE ഒരുക്കിയിരിക്കുന്നത്. 500 4MATIC എന്ന ഒരൊറ്റ വേരിയന്റിലെത്തുന്ന ആഡംബര വാഹനം 10 വർഷത്തെ ബാറ്ററി വാറണ്ടിയോടെയാണ് വരുന്നത് എന്നകാര്യവും ഏറെ ശ്രദ്ധേയമാണ്.