വാഹനപ്രേമികളുടെ ബക്കറ്റ് ലിസ്റ്റിലെ പ്രധാന വാഹനങ്ങളിൽ ഒന്നാണ് മെഴ്‌സിഡീസ് ബെൻസിന്റെ എ.എം.ജി. ജി63 എന്ന അത്യാഡംബര എസ്.യു.വി. എന്നും കൊതിയോടെ മാത്രം നോക്കിനിൽക്കുന്ന എ.എം.ജി. ജി 63-യുടെ ഫെയ്സ് ലിഫ്റ്റ് മോഡൽ പുറത്തിറക്കിരിക്കുകയാണ് കമ്പനി. പ്രധാനപ്പെട്ട മെക്കാനിക്കൽ മാറ്റങ്ങളോടൊപ്പം ചില ഫീച്ചറുകളും കൂട്ടിച്ചേർത്താണ് പുതിയ മോഡലിന്റെ വരവ്. എക്സ്റ്റീരിയറിലും ഇന്റീരിയറിലുമടക്കം സവിശേഷതകൾ ഉണ്ട്.
മാറ്റങ്ങളും പുതുമകളും
എഎംജി ആക്ടീവ് റൈഡ് കൺട്രോൾ സിസ്റ്റം പുതിയ മോഡലിൽ കമ്പനി കൊണ്ടുവന്നു. എഎംജി എസ്.എൽ 63 മോഡലിൽ അവതരിപ്പിച്ച ഹൈഡ്രോളിക്ക് ആന്റി-റോൾ ബാർ- ഫ്രീ സസ്പെൻഷൻ സംവിധാനമാണിത്. ഓഫ് റോഡ് ശേഷിയിൽ മാറ്റമൊന്നുമില്ല. 229എംഎം ഗ്രൗണ്ട് ക്ലിയറൻസ് നിലനിർത്തിയിരിക്കുന്നു. 700 എംഎം വാട്ടർ വേഡിങ് കപ്പാസിറ്റിയുള്ളതിനാൽ വെള്ളക്കെട്ടുകൾ അനായാസം താണ്ടാനാകും. ചാവി ഇല്ലാതെ വാഹനത്തിൽ പ്രവേശിക്കാനുള്ള കീ ലെസ് എൻട്രി സംവിധാനം ആദ്യമായി ജി 63-ൽ എത്തിയെന്നതും പ്രത്യേകതയാണ്. 63 അപ്ഹോൾസ്റ്ററി ഓപ്ഷനുകളും 29 പെയിന്റ് ഓപ്ഷനുകളും പുതിയ മോഡലിൽ ഉണ്ട്.
ഇന്റീരിയർ
ഡ്രൈവർക്ക് എളുപ്പം കൈകാര്യം ചെയ്യാൻ സാധിക്കുന്നവിധത്തിൽ ഓഫ് റോഡ് സംവിധാനത്തിന്റെ കൺട്രോളുകൾ ഡാഷ് ബോർഡിന്റെ മധ്യഭാഗത്ത് നൽകി. ടെമ്പറേച്ചർ-കൺട്രോൾഡ് കപ്പ് ഹോൾഡർ, വയർലെസ് മൊബൈൽ ചാർജർ എന്നിവ നൽകിയിരിക്കുന്നു.
എക്സ്റ്റീരിയർ
ചെറുതായി രൂപമാറ്റം വരുത്തിയ മുൻ ബംബർ, ഡാർക്ക് ക്രോം ഫിനിഷുള്ള ഗ്രില്ല്, വിന്റ് സ്ക്രീനിൽ പുതിയ ലിപ്പ്, പിന്നിലെ സ്പെയർ വീൽ കവറിന് കാർബൺ ഫൈബർ നിറം, 22 ഇഞ്ച് അലോയി വീലുകൾ എന്നിവയാണ് പുറംഭാഗത്തെ പ്രത്യേകത.
മൈൽഡ് ഹൈബ്രിഡ് എൻജിൻ
48V മൈൽഡ് ഹൈബ്രിഡ് സംവിധാനത്തോടെയുള്ള M177 3982സിസി V8 എൻജിൻ പുതിയ മോഡലിൽ കൊണ്ടുവന്നു എന്നതാണ് മെക്കാനിക്കൽ ഭാഗത്തെ പ്രധാന മാറ്റം. 585 എച്ച്.പി കരുത്തും 850എൻ.എം ടോർക്കും ഈ എൻജിൻ ഉദ്പാദിപ്പിക്കും. മൈൽഡ് ഹൈബ്രിഡ് സംവിധാനത്തിൽനിന്ന് അധികമായി 22 എച്ച്.പി പവർ ലഭിക്കുന്നുണ്ട്. പാഡിൽ ഷിഫ്റ്ററുകൾ ഉള്ള 9സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്സ് തുടരുന്നു. വാഹനത്തിന്റെ ഉയർന്ന വേഗത മണിക്കൂറിൽ 240 കിലോമീറ്ററാണ്. 0-100 കിലോമീറ്റർ വേഗം കൈവരിക്കാൻ വേണ്ടതോ വെറും 4.3 സെക്കൻഡ് മാത്രം. 3.60 കോടി രൂപയാണ് എക്സ് ഷോറൂം വില.