പത്തനംതിട്ട : നാടുനീളെ തട്ടുകടകള്‍, വടക്കടകള്‍, ജ്യൂസ് കടകള്‍, വീട്ടില്‍ ഊണ്, റോഡ് നീളെ ബിരിയാണിയും പൊതിച്ചോറും വില്‍ക്കുന്നവര്‍, പച്ചക്കറിയും പലവ്യഞ്ജനങ്ങളും വില്‍ക്കുന്ന തെരുവ് കച്ചവടക്കാരും പെട്ടി ഓട്ടോകളും, കൂടാതെ നഗരഹൃദയത്തില്‍ വെറുതെകിടക്കുന്ന സ്ഥലം തറ വാടകയ്ക്ക് എടുത്ത് ഷെഡ് കെട്ടി പാത്രങ്ങളും തുണികളും വില്‍ക്കുന്ന ഇതര സംസ്ഥാനക്കാര്‍. കേരളത്തിലെ ചെറുകിട വ്യാപാരരംഗം ഇന്ന് ഇവര്‍ കയ്യടക്കിക്കൊണ്ടിരിക്കുകയാണ്. ദിവസേന നിരവധിപ്പേര്‍ ഈ മേഖലയിലേക്ക് കടന്നുവരുന്നു. വാടകയും വൈദ്യുതി ചാര്‍ജ്ജും വിവിധ ലൈസന്‍സ് ഫീസുകളും ഇവര്‍ക്കില്ല. ഉദ്യോഗസ്ഥരുടെ പരിശോധനയും ഫൈനും ഇവര്‍ക്ക് ഭയക്കേണ്ടതില്ല. അതിനാല്‍ പൊതുവേ വില കുറച്ചാണ് ഇവര്‍ കച്ചവടം ചെയ്യുന്നത്. കയ്യില്‍ പണമില്ലാത്ത ജനം കൂടുതല്‍ ആശ്രയിക്കുന്നത് ഇവരെയാണ്. കാരണം പോക്കറ്റ് കാലിയാകാതെ ഓരോ ദിവസവും കഴിഞ്ഞുകൂടാം എന്നതുതന്നെ.
എന്നാല്‍ ഇതേസമയം കേരളത്തിലെ ചെറുകിട വ്യാപാരികള്‍ പ്രതിസന്ധിയില്‍ നിന്ന് പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്. കടമുറിയുടെ വാടകയും വൈദ്യുതി ചാര്‍ജ്ജും പലര്‍ക്കും താങ്ങാവുന്നതിന്റെ അപ്പുറമാണ്. കടയില്‍ തിരക്ക് കണ്ടാല്‍ കച്ചവടം പൊടിപൊടിക്കുകയാണെന്ന് കണക്കുകൂട്ടി യാതൊരു മാനദണ്ഡവുമില്ലാതെ വാടക കൂട്ടുന്ന കെട്ടിട ഉടമകള്‍ ചെറുകിട വ്യാപാരികളുടെ ബുദ്ധിമുട്ടുകള്‍ യഥാസമയം മനസ്സിലാക്കുന്നില്ല. തൊട്ടതിനും പിടിച്ചതിനും കുറ്റങ്ങള്‍ കണ്ടുപിടിച്ച് വ്യാപാരികളെ പീഡിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് എന്നും ചാകരയാണ് ചെറുകിട വ്യാപാരമേഖല. കുട്ടികളെ പഠിപ്പിക്കാനും ലോണ്‍ അടക്കാനും വീട്ടുചെലവിനും മറ്റു മാര്‍ഗ്ഗമില്ലാത്തതിനാല്‍ കടത്തില്‍ മുങ്ങിയിട്ടും ഉദ്യോഗസ്ഥരുടെ പീഡനം സഹിച്ചുകൊണ്ട് ചെറുകിട വ്യാപാരികള്‍ പിടിച്ചു നില്‍ക്കുകയായിരുന്നു ഇതുവരെ.
എന്നാല്‍ ഇവരുടെ എല്ലാ കണക്കുകൂട്ടലുകളും പാടേ തെറ്റിച്ചുകൊണ്ടാണ് കാലം കടന്നുപോകുന്നത്. ഇതോടെ മനസ്സില്ലാമനസ്സോടെയാണെങ്കിലും നിരവധി വ്യാപാരികള്‍ കടമുറികള്‍ ഉപേക്ഷിച്ചു. പല സ്ഥാപനങ്ങളും അടച്ചുപൂട്ടാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. കടകള്‍ നിര്‍ത്തിയ ചിലര്‍ മറ്റു സ്ഥാപനങ്ങളില്‍ തുച്ഛവേതനത്തില്‍ ജോലിക്ക് കയറിയപ്പോള്‍ മറ്റുചിലര്‍ കൂലിപ്പണിയിലേക്ക് തിരിഞ്ഞു. ഒരു വിഭാഗം തെരുവ് കച്ചവടത്തിലേക്കും തിരിഞ്ഞതോടെ നാടുനീളെ കടമുറികള്‍ ഒഴിഞ്ഞുകിടക്കുകയാണ്. അടിക്കടി വാടക കൂട്ടി വ്യാപാരിയെ പിഴിഞ്ഞ് നീരെടുത്തുകൊണ്ടിരുന്ന കെട്ടിട ഉടമകളും ഇതോടെ പ്രസിസന്ധിയിലായി. ലോണെടുത്തും അല്ലാതെയും വലിയ കെട്ടിട സമുച്ചയങ്ങള്‍ പണിതീര്‍ത്തവര്‍ ഇന്ന് വന്‍ കടത്തിലേക്ക് നീങ്ങിക്കഴിഞ്ഞു. പുതിയതായി ആരും വ്യാപാര രംഗത്തേക്ക് കടന്നുവരുന്നില്ല, ആര്‍ക്കും കടമുറികള്‍ വേണ്ട. വെള്ള പൂശിയ ശവക്കല്ലറകളിലെ മൂന്നക്ഷരം പോലെ നാടുനീളെ TO LET ബോര്‍ഡുകളുമായി പുത്തന്‍ കെട്ടിടങ്ങള്‍. ഇത് തുടക്കമാണ്, ഈ പ്രതിസന്ധി വരുംനാളുകളില്‍ അതി രൂക്ഷമാകും.