കോട്ടയം : ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ സമാപന പരിപാടികളുടെ ഭാഗമായി രാജ്യതലസ്ഥാനത്ത് നിർമിക്കുന്ന അമൃതവാടികയിലേക്കുള്ള മണ്ണ് എല്ലാ ഗ്രാമങ്ങളിൽ നിന്നും ശേഖരിച്ച് ഡൽഹിയിൽ എത്തിക്കും. ഓഗസ്റ്റ് ഒൻപതിന് ക്വിറ്റ് ഇന്ത്യാ ദിനത്തിൽ തുടങ്ങിയ ‘മേരി മാട്ടി മേരേ ദേശ്’ പരിപാടിയുടെ ഭാഗമായാണ് വീടുകളിൽ നിന്നും ശേഖരിച്ച മണ്ണ് ഒക്ടോബർ 28ന് ഡൽഹിയിൽ എത്തിക്കുന്നത്. ഓഗസ്റ്റ് 15 വരെ കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി 942 പഞ്ചായത്തുകളിലും അമൃത ഉദ്യാനങ്ങൾ നിർമിച്ചിരുന്നു. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ അതത് പ്രദേശത്തെ സ്വാതന്ത്രസമര സേനാനികളുടെയും രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച സൈനികരുടെയും കുടുംബാംഗങ്ങളെ ആദരിക്കുകയും അവരുടെ ഓർമ്മക്കായ് ശിലാഫലകം നിർമിക്കുകയും ചെയ്തു.
വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ ഗ്രാമതലത്തിൽ വീടുകൾതോറുമുള്ള മണ്ണ് ശേഖരണം സെപ്റ്റംബർ 30ന് സമാപിച്ചു. നെഹ്‌റുയുവ കേന്ദ്ര, എൻഎസ്എസ്, സി ഐ എസ് എഫ്, ലീഡ് ബാങ്ക്, കോമൺ സർവീസ് സെന്ററുകൾ എന്നിവയാണ് വീടുകളിൽ നിന്നുള്ള മണ്ണ് ശേഖരണത്തിന് നേതൃത്വം നൽകിയത്. ശേഖരിച്ച മണ്ണ് ഒക്ടോബർ 20 വരെ ബ്ലോക്ക്, നഗരസഭകളിൽ ശേഖരിച്ച് അമൃതകലശയാത്രയായി 28ന് ഡൽഹിയിൽ എത്തിക്കും. 30ന് ഡൽഹിയിലെ കർത്തവ്യ പഥിൽ നടക്കുന്ന പരിപാടിയിൽ അമൃതവാടിക പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ ബ്ലോക്ക്-നഗരസഭ തലങ്ങളിൽ അമൃതകലശയാത്രയ്ക്കുള്ള ക്രമീകരണങ്ങൾ സംസ്ഥാന യുവജനകാര്യ-കായിക വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ് വിലയിരുത്തി. ജില്ലകളിൽ പരിപാടി ഏകോപിപ്പിക്കാനായി ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തി.