കോറല്‍ സ്പ്രിങ്‌സ് : യുഎസിലെ മയാമിയില്‍ മലയാളി നഴ്‌സ് കുത്തേറ്റുമരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരേ കുരുക്ക് മുറുകുന്നു. മരിച്ച മെറിന്‍ ജോയി (28) മരിക്കും മുന്‍പ് ആംബുലന്‍സില്‍ വെച്ച് നെവിനെതിരേ പോലീസിന് മൊഴി നല്‍കിയിരുന്നു. മെറിനെ ആക്രമിക്കാന്‍ നെവിൻ ആശുപത്രിയ്ക്ക് പുറത്ത് കാത്ത് നിന്നത് 45 മിനിട്ടാണ്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു.
ഇരുവരും തമ്മില്‍ കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതേതുടര്‍ന്ന് വിവാഹമോചനത്തിനായി മെറിന്‍ ശ്രമിക്കുന്നതാണ് നെവിനെ ചൊടിപ്പിച്ചത്. കേസില്‍ കോടതി ഫിലിപ്പിന് ജാമ്യം നിഷേധിച്ചു. 17 തവണയാണ് മെറിന് കുത്തേറ്റത്. വണ്ടി ശരീരത്തില്‍ കൂടി കയറ്റി ഇറക്കുകയും ചെയ്തു. മെറിന്റെ കരച്ചില്‍ കേട്ട് സഹപ്രവര്‍ത്തകര്‍ ഓടിയെത്തിയെങ്കിലും നെവിന്‍ കത്തി വീശി അവരെ ഭീഷണിപ്പെടുത്തി.
ബ്രൊവാഡ് ഹെല്‍ത്ത് ആശുപത്രിയിലെ മെറിന്റെ അവസാന ദിനമായിരുന്നു അത്. മെറിനെ ആക്രമിച്ച ശേഷം കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെ സഹപ്രവര്‍ത്തകര്‍ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റിന്റെ ചിത്രമെടുത്തു പോലീസിനു കൈമാറുകയായിരുന്നു. എമര്‍ജന്‍സി റൂമിനു തൊട്ടടുത്താണ് മെറിന്‍ കുത്തേറ്റു വീണതെങ്കിലും പരുക്കുകള്‍ ഗുരുതരമായിരുന്നതിനാല്‍ മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോകേണ്ടിവന്നു. എങ്കിലും മെറിന്‍ മരണത്തിന് കീഴടങ്ങി.