പാലക്കാട് : അശ്ലീലചിത്രം ചേര്‍ത്ത് പാര്‍ട്ടിയിലെ വനിതാ സഹപ്രവര്‍ത്തകയ്ക്ക് വാട്‌സാപ്പില്‍ ഗുഡ്‌നൈറ്റ് സന്ദേശം അയച്ചതിനു സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിനെതിരെ അന്വേഷണം. കിഴക്കഞ്ചേരി ലോക്കല്‍ കമ്മറ്റി അംഗത്തിനെതിരെയാണ് പാര്‍ട്ടി അന്വേഷണ കമ്മിഷനെ നിയമിച്ചത്. വനിതാ പ്രവര്‍ത്തകയുടെ പരാതി പ്രകാരം സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ അംഗത്തിനെതിരെ നടപടിക്ക് ആവശ്യമുയര്‍ന്നിരുന്നു. തുടര്‍ന്നു ലോക്കല്‍ സെക്രട്ടറിയെയും കമ്മിറ്റിയിലെ വനിതാ അംഗത്തെയും അന്വേഷണത്തിനു നിയോഗിക്കുകയായിരുന്നു.
അടുത്ത യോഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും കുറ്റം തെളിഞ്ഞാല്‍ നടപടി സ്വീകരിക്കുകയും ചെയ്യുമെന്നു നേതൃത്വം അംഗങ്ങളെ അറിയിച്ചു. അനധികൃത പിരിവിന്റെ പേരില്‍ ഏരിയ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ തോറ്റ ലോക്കല്‍ സമ്മേളനത്തില്‍ എതിര്‍വിഭാഗത്തിന്റെ വിശ്വസ്തനായാണ് അംഗം കമ്മിറ്റിയിലെത്തിയത്. മുന്‍പുള്ള ചില വിവാദങ്ങളുടെ പേരില്‍ അന്നുതന്നെ ചില അംഗങ്ങള്‍ എതിര്‍ത്തിരുന്നു.