ട്വിറ്ററിന് എതിരാളിയായി മെറ്റ പുറത്തിറക്കിയ ത്രെഡ്സിൽ (Threads) പുതിയ ഫീച്ചറുകൾ കൊണ്ടുവരാൻ ഒരുങ്ങുകയാണ് കമ്പനി. ലോഞ്ച് ചെയ്ത ഉടനെ തന്നെ ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ നേടിയ പ്ലാറ്റ്ഫോം ഇപ്പോൾ ആക്ടീവ് യൂസേഴ്സിന്റെ കാര്യത്തിൽ പിന്നോട്ട് പോവുകയാണ്. ആവേശത്തിൽ പ്ലാറ്റ്ഫോമിലേക്ക് കയറി വന്നവരിൽ മിക്കവരും ത്രെഡ്സ് കാര്യമായി ഉപയോഗിക്കുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. അതുകൊണ്ട് തന്നെ പ്ലാറ്റ്ഫോമിനെ പുതിയ സവിശേഷതകളിലൂടെ കൂടുതൽ ആകർഷകമാക്കാനാണ് മെറ്റ ശ്രമിക്കുന്നത്.
രണ്ട് പുതിയ സവിശേഷതകളാണ് ത്രെഡ്സിൽ മെറ്റ കൊണ്ടുവരുന്നത്. ഫീഡിനും ട്രാൻസലേഷനുമുള്ള ഓപ്ഷനാണ് പ്ലാറ്റ്ഫോമിൽ ലഭ്യമാകുന്നത്. ഈ പ്രധാന സവിശേഷതകൾക്കൊപ്പം, യൂസർ എക്സ്പീരിയൻസ് മെച്ചപ്പെടുത്താനായി അധിക അപ്‌ഡേറ്റുകളും കമ്പനി പുറത്തിറക്കുന്നു. നിങ്ങൾ ഫോളോ ചെയ്യുന്ന ആളുകളുടെ മാത്രം ക്രോണോളജിക്കൽ ഫീഡ് ലഭിക്കാനുള്ള ഓപ്ഷൻ ത്രെഡ്സ് ഇതിനകം തന്നെ ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ട്രാൻസലേഷൻ ഫീച്ചറാണ് ത്രെഡ്സിലെ രണ്ടാമത്തെ പുതിയ ഫീച്ചർ. പ്ലാറ്റ്ഫോമിൽ വച്ച് തന്നെ എളുപ്പത്തിൽ ടെക്സ്റ്റ് ട്രാൻസലേറ്റ് ചെയ്യാൻ സഹായിക്കുന്ന ഫീച്ചറാണ് ഇത്. ഇനി മുതൽ ത്രെഡ്സ് ഉപയോഗിക്കുന്നവർക്ക് തങ്ങളുടെ ഫീഡിൽ രണ്ട് ഓപ്ഷനുകളിൽ പോസ്റ്റുകൾ കാണാൻ സാധിക്കും. ഇതിൽ ആദ്യത്തേത് അവർ ഫോളോ ചെയ്യുന്ന ആളുകളിൽ നിന്നുള്ള പോസ്റ്റുകൾ ആയിരിക്കും. രണ്ടാമത്തേത് ഫോളെ ചെയ്യാത്തതും എന്നാൽ നിങ്ങൾക്ക് താല്പര്യമുള്ളതുമായ പോസ്റ്റുകളായിരിക്കും.