ജനപ്രിയ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളായ ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും ഉപയോഗിക്കാൻ ഇനി പണം നൽകേണ്ടി വന്നേക്കും. രണ്ട് കമ്പനികളുടെയും മാതൃ കമ്പനിയായ മെറ്റയാണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടത്. പ്രതിമാനം 14 ഡോളർ (1,164 രൂപ) ഇതിനായി ഈടാക്കേണ്ടി വരും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് സംബന്ധിച്ച ചർച്ചകൾ ഇതിനോടകം തന്നെ മെറ്റ ആരംഭിച്ചുകഴിഞ്ഞു. എന്ന് മുതൽ നടപ്പിലാക്കും എന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. എന്നാൽ പരസ്യം ഇല്ലാതെ രണ്ട് പ്ലാറ്റ്ഫോമുകളുടെയും സേവനം അസ്വദിക്കാൻ ആയിരിക്കും ഇത്തരത്തിൽ പണം മുടക്കേണ്ടിവരുക. അല്ലാത്തപക്ഷം ഇപ്പോൾ ലഭ്യമാകുന്നത് പോലെ തന്നെ പരസ്യങ്ങൾ അടങ്ങിയ സേവനം സൗജന്യമായി ആസ്വദിക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കുന്നതാണ്. പണം അടച്ച് അക്കൗണ്ട് പ്രീമിയം ആക്കിയാൽ പിന്നീട് പരസ്യങ്ങൾ ഇല്ലാതെ ഉപഭോക്താക്കൾക്ക് ഇവ ആസ്വദിക്കാൻ സാധിക്കുന്നതാണ്.
യൂറോപ്പിൽ ആയിരിക്കും ഈ പദ്ധതി ആദ്യമായി മെറ്റ നടപ്പിലാക്കുക.ഇത് സംബന്ധിച്ച് മെറ്റാ ഉദ്യോഗസ്ഥർ അയർലണ്ടിലെ പ്ലാൻ പ്രൈവസി റെഗുലേറ്റർമാരുമായും ബ്രസൽസിലെ ഡിജിറ്റൽ മത്സര റെഗുലേറ്റർമാരുമായും യൂറോപ്യൻ യൂണിയൻ പ്രൈവസി റെഗുലേറ്റർമാരുമായും കൂടിക്കാഴ്ച നടത്തി എന്ന് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നു. യൂറോപ്പിൽ ഈ പദ്ധതി വിജയകരമായാൽ മറ്റ് സ്ഥലങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാൻ സാധ്യത ഉണ്ട്. കഴിഞ്ഞ മാസം യൂറോപ്യൻ യൂണിയന്റെ പുതിയ ഡിജിറ്റൽ മാർക്കറ്റ് ആക്‌ട് പ്രകാരം മെറ്റയ്ക്ക് ‘ഗേറ്റ്കീപ്പർമാർ’ പദവിയും നൽകിയിരുന്നു. ഇതുമൂലം ഉപഭോക്താക്കളുടെ വ്യക്തിഗത രേഖകൾ ശേഖരിക്കുന്നതിൽ നിന്ന് ഈ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകൾ വിട്ടു നിൽക്കേണ്ടി വരുന്നു. നിരവധി നിയന്ത്രണങ്ങളും ഇപ്പോൾ മെറ്റയ്ക്ക് മേൽ യൂറോപ്യൻ യൂണിയൻ അടിച്ചേൽപ്പിച്ചിട്ടുണ്ട്.
നിലവിൽ ട്വിറ്ററിന്റെ (എക്സ്) പാത മെറ്റയും പിന്തുടരുകയാണോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം ഇത്തരത്തിൽ നിരവധി പരിഷ്ക്കാരങ്ങൾ നടപ്പിലാക്കിയിരുന്നു. ഒടുവിൽ പ്ലാറ്റ്ഫോമിന്റെ പേര് തന്നെ മാറ്റി എക്സ് എന്ന് ആക്കിയിരിക്കുകയാണ്. മൈക്രോ ബ്ലോഗിങിന് മാത്രം ഉപയോഗിച്ചിരുന്ന ആപ്പ് ഇപ്പോൾ നിരവധി സേവനങ്ങളാണ് നൽകുന്നത്. ഉപഭോക്താക്കൾക്ക് പണം നൽകുന്ന തരത്തിൽ വരെ മാറ്റം എക്സിന് ഉണ്ടായി. ഇതേ പാതയിൽ തന്നെയാണ് ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും സഞ്ചരിക്കുന്നത്. നേരത്തെ തന്നെ ഇതിൽ ഉപഭോക്താക്കൾക്ക് വരുമാനം ലഭിക്കുന്നുണ്ട്. ഇതിന് പുറമെ ഇവരുടെ മറ്റ് പരസ്യ വരുമാനങ്ങൾ വേറെയും. അതേ സയമം വരും മാസങ്ങളോടെ യൂറോപ്പിൽ ഈ പദ്ധതിയ്ക്ക് തുടക്കം കുറിയ്ക്കാനാണ് മെറ്റ ശ്രമിക്കുന്നത്. നിലവിലെ കണക്കുകൾ പ്രകാരം 2023 ന്റെ ആദ്യ പകുതി കഴിഞ്ഞപ്പോൾ ഫേസ്ബുക്കിന് പ്രതിമാസം 258 ദശലക്ഷം ഉപഭോക്താക്കളും ഇൻസ്റ്റഗ്രാമിന് 257 ദശലക്ഷം ഉപഭോക്താക്കളും ഉണ്ട്.