കോട്ടയം: പരീക്ഷ മൂല്യനിര്‍ണയത്തിന്റെയും അനുബന്ധ നടപടികളുടെയും വേഗം വര്‍ധിപ്പിക്കുന്നതായി ക്യു.ആര് അധിഷ്ഠിത ഓണ്‍സ്ക്രീന്‍ സംവിധാനം സ്വന്തമായി വികസിപ്പിച്ച് എം.ജി സര്‍വകലാശാല. രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷ അഭിയാന്റെ(റുസ) സാമ്പത്തിക പിന്തുണയോടെ സ്കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ സയന്‍സസിലെ പ്രോജക്ട് ടീമാണ് സാങ്കേതികവിദ്യ തയാറാക്കിയത്. ഇത് ഓണേഴ്സ് ബിരുദ (എം.ജി.യു-യു.ജി.പി) പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റര്‍ പുനര്‍മൂല്യനിര്‍ണയത്തിനായി ഉപയോഗിച്ചുതുടങ്ങി. മൂല്യനിര്‍ണയം ഉള്‍പ്പെടെ നടപടികളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും ഫലപ്രഖ്യാപനത്തിലെ കാലതാമസം ഒഴിവാക്കുന്നതിനും ചെലവ് കുറക്കുന്നതിനും ഇത് സഹായകമാകും.
ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയം ഹോം വാല്യുവേഷന് മാതൃകയിലായതിനാലാണ് പുതിയ സംവിധാനം ആദ്യമായി ഉപയോഗിച്ചത്. റുസ പ്രോജക്ട് ടീം, മൂല്യനിര്‍ണയം നടത്തുന്ന അധ്യാപകര്‍, സര്‍വകലാശാല ജീവനക്കാര്‍, സാങ്കേതിക ടീം അംഗങ്ങള്‍ എന്നിവരുടെ പങ്കാളിത്തത്തോടെയായിരുന്നു നടപടികള്‍. ആദ്യപടിയായി വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തരക്കടലാസുകള്‍ കണ്ട് പുനര്‍മൂല്യനിര്‍ണയത്തിന് അല്ലെങ്കില്‍ സൂക്ഷ്മപരിശോധനക്ക് അപേക്ഷിക്കുന്നതിന് അവസരമൊരുക്കി. തുടര്‍ന്ന് അധ്യാപകരുടെ സ്ഥിതിവിവരക്കണക്കുകള്‍ അടിസ്ഥാനമാക്കി മൂല്യനിര്‍ണയത്തിന് ക്രമീകരണമേര്‍പ്പെടുത്തി.
അധ്യാപകര്‍ ലോഗിന്‍ ചെയ്താല്‍ തങ്ങള്‍ക്ക് നല്‍കിയിട്ടുള്ള ഉത്തരക്കടലാസുകള്‍ കണ്ട് മൂല്യനിര്‍ണയം നടത്താന്‍ കഴിയുന്ന രീതിയിലാണിത്. മൂല്യനിര്‍ണയത്തിനുള്ള ഉത്തരക്കടലാസുകളുടെ ക്രമീകരണം, വിതരണം എന്നിവ ഓട്ടോമേറ്റഡ് സംവിധാനത്തിലേക്ക് മാറ്റാന്‍ പുതിയ സംവിധാനം സഹായകമാകും.