വാഷിങ്ടൺ: ഗാസ്സയ്ക്കു നേരെ ഇസ്രായേൽ തുടരുന്ന വംശഹത്യയിൽ തങ്ങളുടെ നിർമ്മിത ബുദ്ധി ഉപകരണങ്ങൾ ഉപയോഗിക്കപ്പെട്ടതായി സമ്മതിച്ച് മൈക്രോസോഫ്റ്റ്. പൊതു ആവശ്യങ്ങൾക്കു വേണ്ടിയുള്ളതാണ് ഉപകരണങ്ങളെന്നും ആർക്കും ദോഷം വരുത്തുകയെന്നത് ലക്ഷ്യമായിരുന്നില്ലായെന്നും മൈക്രോസോഫ്റ്റിന്റെ പ്രസ്താവനയിൽ പറയുന്നു. വളരെക്കാലമായി ഇസ്രായേലിന്റെ സൈബർ സുരക്ഷയെ പ്രതിരോധിക്കുന്നുണ്ട് എന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കി.ഗസ്സ വംശഹത്യയിലെ മൈക്രോസോഫ്റ്റിന്റെ പങ്കിന്റെ പേരിൽ നേരത്തേ തന്നെ പ്രതിഷേധങ്ങളുണ്ടായിരുന്നു. അതിനിടയിലാണ് പങ്ക് വെളിപ്പെടുത്തിക്കൊണ്ടുള്ള പ്രസ്താവന. മൈക്രോസോഫ്റ്റിന്റെ ക്ലൗഡ്, എഐ ടൂളുകൾ ഇസ്രായേലി സേനക്ക് സഹായം നൽകിയിട്ടുണ്ട് എന്നായിരുന്നു ആരോപണങ്ങൾ.
എന്നാൽ തങ്ങളുടെ സാങ്കേതിക വിദ്യകൾ നിരീക്ഷണത്തിനോ ആയുധവത്ക്കരണത്തിനോ ഉപയോഗിക്കുന്നതിനെ കമ്പനി പിന്തുണക്കുന്നില്ലെന്നും മാനുഷിക അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ധാർമ്മിക മാനദണ്ഡങ്ങൾ പാലിക്കുന്നതിനുമാണ് പ്രാധാന്യം നൽകുന്നതെന്നും കമ്പനി വിശദീകരിച്ചു. മൈക്രോസോഫ്റ്റിന്റെ അസൂർ ക്ലൗഡും ഓപൺ എഐയുടെ ജിപിടി -4 ഉം ഇസ്രായേലിന്റെ ഇന്റലിജന്റ് യൂണിറ്റായ 8200 പോലുള്ളവയടക്കം ഉപയോഗിച്ചിട്ടുണ്ട് എന്ന് അന്വേഷണങ്ങളുടെയും ചോർന്ന വിവരങ്ങളുടെയും അടിസ്ഥാനത്തിൽ വ്യക്തമായിരുന്നു. 2023 ജൂൺ മുതൽ 2024 ഏപ്രിൽ വരെയുള്ള കാലയളവിൽ 155 ശതമാനം വർധനവാണ് ഇസ്രായേൽ സേനയുടെ മൈക്രോസോഫ്റ്റ് ക്ലൗഡ് സേവനങ്ങളുടെ ഉപയോഗത്തിലുണ്ടായത്.
2024 മേയിലെ റഫാ ആക്രമണത്തിന് മുന്നോടിയായിട്ടാണിത്. യുദ്ധഭൂമിയിലെ വിവരങ്ങൾ യഥാസമയം വിശകലനം ചെയ്യാനും ലോജിസ്റ്റിക്‌സുമടക്കമുള്ളവയ്ക്കാണ് മൈക്രോസോഫ്റ്റ് സേവനങ്ങൾ സേന ഉപയോഗിച്ചത്.ടെക് ഭീമന്മാരുടെ സേവനങ്ങൾ ദുരുപയോഗം ചെയ്യുന്നതിൽ കമ്പനിക്കകത്ത് നിന്ന് തന്നെ വിമർശനങ്ങളുണ്ട്. ‘വിവേചനങ്ങൾക്ക് അസൂർ ഇല്ല’ എന്ന പേരിൽ ജീവനക്കാർ പ്രതിഷേധങ്ങളും കാമ്പയിനും നടത്തിയിരുന്നു. ഇതിന്റെ പേരിൽ നിരവധി പേരെ കമ്പനി പുറത്താക്കുകയും ചെയ്തിരുന്നു.യുദ്ധത്തിലെ സാങ്കേതികതയുടെ ദുരുപയോഗത്തെക്കുറിച്ച ആശങ്കകളെ ശരി വെക്കുന്നതാണ് ഈ നടപടികൾ.