പത്തനംതിട്ട : മൈഗ്രേഷൻ കോൺക്ലേവ് എന്ന പേരിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ പ്രവാസികളുടെ കേന്ദ്രമായ തിരുവല്ലയിൽ പ്രവാസി പ്രമുഖരെ ഉൾപ്പെടുത്തി നടത്തുന്ന പരിപാടി വെറും രാഷ്ട്രീയ പ്രഹസനമാണെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ.വർഗ്ഗീസ് മാമ്മൻ പ്രസ്താവിച്ചു. കേരളത്തിലെ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി കേരളം വിട്ട് പോകുന്ന വിഷയത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ വീഴ്ചകൾക്ക് മുഖ്യമന്ത്രി അടിയന്തര പരിഹാരമാണ് കാണേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ 5 സർവകലാശാലകളിൽ വൈസ്ചാൻസിലർമാർ ഇല്ലാതെയായിട്ട് നാളുകളായി. കേരളത്തിലെ അറുപതോളം ഗവൺമെന്റ് കോളേജുകളിൽ പ്രിൻസിപ്പൽ ഇല്ലാതെയായിട്ടും അതിനുള്ള നടപടി സ്വീകരിക്കുവാൻ സർക്കാർ തയ്യാറാകുന്നില്ല.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം ഉന്നത വിദ്യാഭാസ വകുപ്പിന്റെയും സർക്കാരിന്റെയും കെടുകാര്യസ്ഥത കൊണ്ട് തകർന്നടിഞ്ഞിരിക്കുമ്പോൾ മിടുക്കരായ വിദ്യാർത്ഥികൾ വിദേശ രാജ്യങ്ങളിലേക്ക് വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടി മൈഗ്രേറ്റ് ചെയ്യുന്നത് സ്വാഭാവികമാണ്. യഥാർത്ഥ വസ്തുത ഇതായിരിക്കെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ നടത്തുന്ന മൈഗ്രേഷൻ കോൺക്ലേവ് പോലുള്ള പൊളിറ്റിക്കൽ ഗിമിക്കുകൾ യാതൊരു പ്രയോജനവും ആർക്കും ചെയ്യുകയില്ല എന്നും അദ്ദേഹം പറഞ്ഞു.
ലോകസഭാ തെരെഞ്ഞെടുപ്പ് ആസന്നമായി നിൽക്കുമ്പോൾ പ്രവാസികളേയും യുവജനങ്ങളെയും ഒപ്പം നിർത്തുന്നതിന് വേണ്ടിയുള്ള എല്ഡിഎഫിന്റെ വെറും രാഷ്ട്രീയ നാടകമാണ് മൈഗ്രേഷൻ കോൺക്ലേവ്. ഇത്തരം വിഷയങ്ങളിൽ കേരളത്തിലെ യുവജനങ്ങളുടെ ഭാവിയെ സംബന്ധിച്ച് അൽപ്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ പിഎസ്‌സി റാങ്ക് ലിസ്റ്റിൽ നിയമനം കാത്ത് കിടക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകാനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാനുമുള്ള നടപടികൾ ചെയ്യുകയാണ് വേണ്ടത്. ഉന്നത വിദ്യാഭ്യാസ രംഗം ഗവർണ്ണറും മുഖ്യമന്ത്രിയും തമ്മിലുള്ള ഏറ്റുമുട്ടൽ നിമിത്തം സ്തംഭനാവസ്ഥയിലാണ്. യഥാർത്ഥ പ്രശ്നത്തിൽ നിന്നും ജനശ്രദ്ധ തിരിച്ചു വിടുന്നതിന് വേണ്ടിയുള്ള ഇത്തരം തന്ത്രങ്ങൾ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ തിരിച്ചറിയും. ഒരു കാലത്തും ഇല്ലാത്ത വിധം സംസ്ഥാനം കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ കാലത്ത് മൈഗ്രേഷൻ കോൺക്ലേവിന് വേണ്ടി ചിലവഴിക്കുന്ന തുക നവകേരളാ സദസ്സിന്റെ ധൂർത്തിന്റെ പിൻതുടർച്ചയാണെന്നും അഡ്വ.വർഗ്ഗീസ് മാമ്മൻ പറഞ്ഞു.