തിരുവല്ല : മതിൽഭാഗം ഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിൽ ഇന്ത്യൻ സൈനികർക്കായി സൈനികക്ഷേമ സമർപ്പണപൂജ നടത്തും. ഞായറാഴ്ച വൈകിട്ട് ദീപാരാധനയ്ക്കുശേഷം മേൽശാന്തി ജി.ശങ്കരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ വിശേഷപൂജകളും സമൂഹപ്രാർഥനയും നടത്തും. ദേശസേവനത്തിന് സമർപ്പിതരായ സൈനികർക്ക് ഐക്യദാർഢ്യവും ആശംസയും അറിയിക്കാനാണ് ഇത്. ചടങ്ങിന്റെ മുഖ്യഭാഗമായ ‘സൈനികക്ഷേമ സമർപ്പണ പൂജ’യിൽ രാജ്യത്തിന്റെ ശാന്തിക്കായും സുരക്ഷയ്ക്കായും ഭക്തർ ചേർന്ന് സമൂഹ പ്രാർഥന നടത്തും.
മതിൽഭാഗം എൻഎസ്എസ് കരയോഗം പ്രസിഡന്റ് വി.ശ്രീകുമാർ കൊങ്ങരേട്ട് അധ്യക്ഷനായ സംഘാടകസമിതി പരിപാടിയുടെ ഒരുക്കങ്ങൾ പൂർണമാക്കിയതായി അറിയിച്ചു. പൂജയ്ക്കുശേഷം പ്രസാദവിതരണവും വിമുക്തഭടൻമാർക്ക് ആദരവും നൽകും. സൈനികർക്കുള്ള ആദരവും കുടുംബങ്ങളോടുള്ള ഐക്യവും വ്യക്തമാക്കുന്ന വിധത്തിൽ സമൂഹം പ്രതിബദ്ധത പുലർത്തേണ്ടതിനാലാണ് പ്രത്യേക പൂജ നടത്തുന്നതെന്ന് സെക്രട്ടറി ശ്രീകുമാർ ചെമ്പോലിൽ പറഞ്ഞു.