ചെങ്ങന്നൂര്‍ : വേനൽച്ചൂടിൽ പാൽ ഉത്പാദനം ഗണ്യമായി കുറഞ്ഞതു ക്ഷീരകർഷരെ പ്രതിസന്ധിയിലാക്കി. ജനുവരിയിൽത്തന്നെ ഒന്നര മുതൽ രണ്ടു ലിറ്ററിന്റെ കുറവാണ് അനുഭവപ്പെടുന്നത്. പാലിന്റെ ഉത്പാദനത്തിലുണ്ടായ കുറവ് സംഘങ്ങളെയും ബാധിച്ചിട്ടുണ്ട്. പുല്ലിന്റെയും വൈക്കോലിന്റെയും ലഭ്യതക്കുറവും കാലിത്തീറ്റയുടെ വിലവർധനയുംമൂലം ക്ഷീരമേഖലയിൽനിന്നു കർഷകർ പിന്മാറുകയാണ്. പുലിയൂർ മേഖലയിൽ ആദ്യമായി ഇരിപ്പൂക്കൃഷിചെയ്ത പാടശേഖരങ്ങളിലെ കൊയ്ത്തിനുശേഷം വൈക്കോലിന് ആവശ്യമേറെയായിരുന്നു.
ഇപ്പോൾ കൊയ്ത്തു നടക്കാത്ത സമയമായതിനാൽ വൈക്കോൽ കിട്ടാത്ത അവസ്ഥയാണ്. ഇതുമൂലം ഒന്നാംകൃഷി ചെയ്ത പാടശേഖരങ്ങളിലെ വൈക്കോൽ പറയുന്ന തുക നൽകിയാണു കർഷകർ വാങ്ങിക്കൊണ്ടുപോയത്. വേനൽ കടുക്കുന്നതോടെ പച്ചപ്പുല്ലിന്റെ ലഭ്യതയും കുറയും. ഇതിനെത്തുടർന്ന് വീണ്ടും ഉത്പാദനം കുറയാൻ സാധ്യത കൂടുതലാണെന്നു കർഷകർ പറയുന്നു. ആനുകൂല്യങ്ങൾ വൈകുന്നതും കർഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മിൽമ ഒക്ടോബർ മുതൽ ആറുമാസം രണ്ട്-മൂന്നു രൂപ വരെ ലിറ്ററിന് ഇൻസന്റീവ് മുൻവർഷങ്ങളിൽ നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ വർഷവും ജനുവരി അവസാനമായിട്ടും ഒരുരൂപ പോലും നൽകിയിട്ടില്ല. തദ്ദേശ സ്ഥാപനങ്ങളാണ് ഇവ നൽകേണ്ടത്. കാലിത്തീറ്റയുടെ വില കമ്പനികൾ അടിക്കടിയാണു കൂട്ടുന്നത്. കാലിത്തീറ്റയ്ക്ക് ഒരു കിലോയ്ക്ക് 35 രൂപയോളം കൊടുക്കണം. ഒരു ലിറ്റർ പാലിന് 38 മുതൽ 40 രൂപ വരെയാണു സൊസൈറ്റികളിൽനിന്നു കിട്ടുന്നത്.