തൊടുപുഴ : ആനന്ദ് മാതൃകാ ക്ഷീര സഹകരണ സംഘങ്ങളെ ഇന്‍കം ടാക്സ് പരിധിയില്‍ കൊണ്ടുവരുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എം.പി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന് കത്ത് നല്‍കി.
കഴിഞ്ഞ പാര്‍ലമെന്‍റ് സമ്മേളന സമയത്ത് കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് എം.പി.മാര്‍ കേന്ദ്രധനകാര്യമന്ത്രിയുമായി ഇക്കാര്യം നേരില്‍ കണ്ട് സംസാരിക്കുകയും ക്ഷീര സഹകരണ സംഘങ്ങളെ ഇന്‍കം ടാക്സ് പരിധിയില്‍ നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച് അനുകൂല തീരുമാനമെടുക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയുരുന്നതാണെന്നും എം.പി പറഞ്ഞു.
എന്നാല്‍ ഇക്കാര്യം പരിഗണിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും കേരളത്തിലെ ക്ഷീരകര്‍ഷകരെ ദുരിതത്തിലേക്ക് തള്ളിവിടുന്ന ഈ നടപടി പിന്‍വലിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. 50 ലക്ഷത്തിലധികം വിറ്റുവരവുള്ള ക്ഷീര സഹകരണ സംഘങ്ങള്‍ ടി.ഡി.എസ്. ഒടുക്കേണ്ടിവരുന്നത് സംഘങ്ങളുടെ സാമ്പത്തിക തകര്‍ക്കുമെന്നും ബോണസ്, പാലിന് മെച്ചപ്പെട്ട വില എന്നിവ കര്‍ഷകക്ക് ലഭിക്കാത്ത സാഹചര്യം സംജാതമാകുമെന്നും എം.പി പറഞ്ഞു.
കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്‍റെ 2021 ജൂണ്‍ 30 ലെ ഉത്തരവ് പ്രകാരം പ്രാഥമിക ക്ഷീരസഹകരണ സംഘങ്ങളും ആദായനികുതി പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. അത് പ്രകാരം പ്രതിവര്‍ഷം 50 ലക്ഷം രൂപയ്ക്ക് മുകളില്‍ വിറ്റ് വരവുള്ള ക്ഷീരസഹകരണ സംഘങ്ങള്‍ 0.1% ടിഡിഎസ് ഒടുക്കേണ്ടതും, സംഘങ്ങള്‍ ഏതെങ്കിലും സാഹചര്യത്തില്‍ ആദായ നികുതി ഫയല്‍ ചെയ്തില്ലായെങ്കില്‍ 50 ലക്ഷത്തിലധികം വരുന്ന തുകയ്ക്ക് 5% നികുതിയും ഈടാക്കും. ഈ സാഹചര്യത്തില്‍ തുച്ഛമായ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ആനന്ദ് മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരസഹകരണ സംഘങ്ങളെല്ലാം നഷ്ടത്തിലേക്ക് പോകുമെന്നും എം.പി. പറഞ്ഞു.
പാല്‍ സംഭരണവും വിതരണവും കൂടാതെ കാലിത്തീറ്റ വില്പന, അനുബന്ധ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന തുടങ്ങി സംഘങ്ങളുടെ എല്ലാ ഇടപാടുകളും വരുമാനമായി കണക്കാക്കപ്പെടുമെന്നതിനാല്‍ മിക്ക സംഘങ്ങളും ഈ പരിധിയില്‍ ഉള്‍പ്പെടുന്നവയാണ്. സംഘത്തിന്‍റെ പ്രാഥമിക ചിലവുകള്‍ കഴിഞ്ഞ് ലഭിക്കുന്ന ലാഭത്തില്‍ നിന്നും മെമ്പര്‍ റിലീഫ് ഫണ്ട്, സഹകരണ എഡ്യുക്കേഷണല്‍ ഫണ്ട്, കന്നുകാലി വികസന നിധി, പൊതു നന്‍മ /ദയാനിധി എന്നിവ കിഴിച്ച് ബാക്കി തുകയില്‍ 65% ഓഡിറ്റ് കഴിഞ്ഞ്, റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് ക്ഷീരകര്‍ഷകര്‍ക്ക് ബോണസായി നല്‍കുന്നു.
സാധാരണ ഗതിയില്‍ സംഘങ്ങള്‍ക്ക് നാമമാത്രമായ തുകയേ നീക്കിയിരുപ്പായി ഉണ്ടാകാറൊള്ളു. മൊത്തം വിറ്റുവരവ് 50 ലക്ഷത്തില്‍ അധികരിക്കുന്ന സംഘങ്ങള്‍ക്ക് ടി.ഡി ഒടുക്കേണ്ട സാഹചര്യമുണ്ടായാല്‍ അത് ഉറവിടത്തില്‍ നിന്നും ഒടുക്കുന്ന സമയത്ത് സംഘത്തിന്‍റെ മൊത്തത്തിലുള്ള സാമ്പത്തീക സ്ഥിതിയെ ബാധിക്കുകയും കര്‍ഷകര്‍ക്ക് ബോണസ് പോലും നല്‍കാനാവത്ത സാഹചര്യമുണ്ടാക്കുകയും ചെയ്യുമെന്നും എം.പി പറഞ്ഞു.