തൊടുപുഴ: പണമെടുക്കാന്‍ എ.ടി.എം എന്നതുപോലെ പാല്‍ വാങ്ങാനും ഇനി എ.ടി.എം. ഏതു സമയവും പാല്‍ ലഭ്യമാക്കുന്ന എ.ടി.എം അഥവാ മില്‍ക്ക് വെന്‍ഡിങ് മെഷീന്‍ മൂന്നാറില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ജില്ലയില്‍ ആദ്യത്തെ മില്‍ക്ക് എ.ടി.എമ്മാണിത്. മൂന്നാര്‍ ലക്ഷ്മി ക്ഷീരകര്‍ഷക സംഘത്തിന്റെ നേതൃത്വത്തിലാണ് ഓട്ടോമാറ്റിക് മില്‍ക്ക് വെന്‍ഡിംഗ് മെഷീന്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ജില്ലാ ക്ഷീരകര്‍ഷക സംഗമത്തോടനുബന്ധിച്ച് മന്ത്രി ജെ. ചിഞ്ചുറാണി എ.ടി.എമ്മിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കും.സാധാരണക്കാരനും വളരെ എളുപ്പം ഉപയോഗിക്കാവുന്ന ലളിതമായ രൂപകല്പനയാണ് മില്‍ക്ക് വെന്‍ഡിങ് മെഷീനുള്ളത്. എ.ടി.എമ്മുകളില്‍ നിന്ന് പാല്‍ പാത്രങ്ങളില്‍ ശേഖരിക്കേണ്ടതിനാല്‍ സാധാരണ ‘പ്ലാസ്റ്റിക് കവര്‍’ എന്ന വിപത്തിനെ ഒഴിവാക്കാനാകുമെന്ന നേട്ടവുമുണ്ട്.
വയനാട്, കോട്ടയം ജില്ലകളിലും മില്‍ക്ക് എ.ടി.എം നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സുല്‍ത്താന്‍ബത്തേരി ക്ഷീരോത്പാദക സഹകരണ സംഘമാണ് സംസ്ഥാനത്ത് ആദ്യമായി മില്‍ക്ക് എ.ടി.എമ്മിന് തുടക്കം കുറിച്ചത്. പണം ഉപയോഗിച്ച് ആവശ്യാനുസരണം പാല്‍ ശേഖരിക്കാവുന്ന സംവിധാനമാണ് നിലവിലുള്ളത്. ഭാവിയില്‍ ക്ഷീര സംഘത്തില്‍ നിന്ന് ലഭ്യമാകുന്ന സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ചോ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തോ പാല്‍ ശേഖരിക്കാവുന്ന സംവിധാനവും ഒരുക്കും. സംഭരണിയില്‍ പാല്‍ തീരുന്ന മുറയ്ക്ക് ലക്ഷ്മി ക്ഷീര സംഘത്തിലുള്ള അലാറം അടിക്കും. തുടര്‍ന്ന് സംഘത്തില്‍ നിന്ന് ആളെത്തി പാല്‍ ഇതില്‍ നിറയ്ക്കും.