പള്ളിപ്പാട് : നെല്ലിൽ പൊടിയുണ്ടെന്ന ന്യായംപറഞ്ഞ് പള്ളിപ്പാട് വഴുതാനം ചിറക്കുഴി പാടശേഖരത്തിൽ കൊയ്തെടുത്ത നെല്ല് മില്ലുകാർ സംഭരിക്കുന്നില്ല. 116 ഏക്കറുള്ള പാടത്ത് കൊയ്ത്തുകഴിഞ്ഞിട്ട് ഒരാഴ്ചയായി. ജ്യോതി ഇനത്തിൽപ്പെട്ട നെല്ലായിരുന്നു. കൊയ്തെടുത്ത നെല്ലിൽ പൊടിയുണ്ടെന്നു പറഞ്ഞ് 25 ശതമാനം കിഴിവാണ് മില്ലുകാർ ആവശ്യപ്പെട്ടത്. എന്നാൽ ഇത് കർഷകർക്ക് വലിയ നഷ്ടമുണ്ടാക്കുന്നതിനാൽ സ്വന്തം നിലയിൽ യന്ത്രം ഉപയോഗിച്ച് പാറ്റിയെടുക്കുകയായിരുന്നു. പാറ്റി ചാക്കിൽക്കെട്ടിവെച്ചിട്ടും നെല്ലെടുക്കാൻ മില്ലുകാർ എത്തിയില്ല.
കൊയ്ത്തുയന്ത്രം ഉപയോഗിച്ച് കൊയ്തെടുക്കുന്ന നെല്ല് പിന്നീട് പാറ്റി വൃത്തിയാക്കുന്ന പതിവില്ല. ഇതു ചാക്കിലാക്കി സംഭരിക്കുകയാണ്. എന്നാൽ ചിറക്കുഴി പാടത്ത് മില്ലുകാരുടെ പിടിവാശികാരണം കർഷകർക്ക് അധികച്ചെലവായിരിക്കുകയാണ്. യന്ത്രത്തിന്റെ വാടകയ്ക്കൊപ്പം 15 തൊഴിലാളികളെയും കൂലിക്കു നിർത്തിയാണ് നെല്ലു വൃത്തിയാക്കി ചാക്കിൽ കെട്ടിവെച്ചത്. ചിറക്കുഴി പാടത്തെ നെല്ല് അടിയന്തിരമായി സംഭരിക്കണമെന്നാവശ്യപ്പെട്ട് പാടശേഖരസമിതി കൃഷിമന്ത്രിക്കു നിവേദനം നൽകിയിട്ടുണ്ട്.