പത്തനംതിട്ട : ശബരിമല മണ്ഡല കാലം അവസാനിക്കാന്‍ ഒരാഴ്ച ശേഷിക്കേ ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനെത്തിയത് 811235 അയ്യപ്പന്‍മാര്‍. ഞായറാഴ്ച രാവിലെ വരെയുള്ള കണക്കാണിത്. ശനിയാഴ്ചയാണ് ഏറ്റവുമധികം ഭക്തര്‍ ദര്‍ശനത്തിനെത്തിയത്. 42870 അയ്യപ്പന്‍മാര്‍ ദര്‍ശനം നടത്തി മടങ്ങി. വാരാന്ത്യത്തില്‍ സാമാന്യം ഭേദപ്പെട്ട തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. അടുത്തയാഴ്ച വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത ഭക്തരില്‍ ഭൂരിഭാഗവും ദര്‍ശനത്തിനെത്തുമെന്നാണ് പ്രതീക്ഷ.
വെര്‍ച്വല്‍ ക്യൂ സംവിധാനം പ്രയോജനപ്പെടുത്തുന്നതിനാല്‍ മണിക്കൂറുകളുടെ കാത്തിരിപ്പില്ലാതെ തന്നെ ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം സാധ്യമാകുന്നുണ്ട്. തത്സമയ ബുക്കിങിലൂടെയും കൂടുതല്‍ ഭക്തര്‍ എത്തിച്ചേരുന്നുണ്ട്. മണ്ഡല പൂജയ്ക്ക് അയ്യപ്പസ്വാമിക്ക് ചാര്‍ത്താനുള്ള തങ്കയങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര 22ന് രാവിലെ ആറന്‍മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും. 25 ന് ഉച്ചയോടെ തങ്കയങ്കി ഘോഷയാത്ര പമ്പയിലെത്തും. 25ന് വൈകുന്നേരം തങ്കയങ്കി ചാര്‍ത്തി ദീപാരാധന നടക്കും. 26 ന് 11.50 നും 1.15നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് മണ്ഡലപൂജ. രാത്രി 10ന് ഹരിവരാസനം പാടി നടയടയ്ക്കുന്നതോടെ 41 ദിവസം നീണ്ട മണ്ഡലകാലത്തിന് പരിസമാപ്തിയാകും.