തിരുവനന്തപുരം: മിൽമ ജീവനക്കാരുടെ അനിശ്ചിതകാല സമരം പിൻവലിച്ചു. മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുടർന്നാണ് സമരത്തിൽനിന്ന് യൂണിയനുകൾ പിൻമാറിയത്. മന്ത്രിമാരായ വി. ശിവൻകുട്ടിയും ജെ. ചിഞ്ചുറാണിയും 24-നു സമരക്കാരുമായി ചർച്ച നടത്തും. വെള്ളിയാഴ്ച ചർച്ച നിശ്ചയിച്ചിരുന്നെങ്കിലും സർക്കാരിന്റെ വാർഷികച്ചടങ്ങുകൾ നടക്കുന്നതിനാൽ മന്ത്രിമാരുടെ അസൗകര്യം കണക്കിലെടുത്ത് അടുത്ത ദിവസത്തേക്കു മാറ്റിവെക്കുകയായിരുന്നു. സമരം നിർത്തിവെക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് പിൻമാറാൻ യൂണിയനുകൾ തീരുമാനിച്ചത്. സിഐടിയു, ഐഎൻടിയുസി യൂണിയനുകളാണ് സമരരംഗത്തുള്ളത്.
പണിമുടക്കിനെത്തുടർന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ പാൽവിതരണം തടസ്സപ്പെട്ടിരുന്നു. വിരമിച്ച എംഡി ഡോ. പി. മുരളിയെ തുടരാൻ അനുവദിച്ചതാണ് തൊഴിലാളി യൂണിയനുകളെ സമരത്തിനു പ്രേരിപ്പിച്ചത്.പുനർനിയമനത്തെ ഐഎൻടിയുസി, സിഐടിയു യൂണിയനുകൾ സംയുക്തമായി എതിർത്തു. സഹകരണനിയമം അട്ടിമറിച്ചാണ് നിയമനമെന്നും തീരുമാനം പുനഃപരിശോധിച്ചില്ലെങ്കിൽ സമരം നടത്തുമെന്നും ഈമാസം ആദ്യംതന്നെ മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. തുടർന്ന് കഴിഞ്ഞദിവസം ലേബർ കമ്മിഷണർ യൂണിയൻ പ്രതിനിധികളുമായി ചർച്ച നടത്തിയെങ്കിലും സമരത്തിൽനിന്നു പിൻമാറാൻ സംഘടനകൾ തയ്യാറായില്ല. എന്നാൽ എംഡിക്ക് പുനർനിയമനം നൽകിയത് മേഖലാ യൂണിയന്റെ തീരുമാനമാണെന്നും സർക്കാർ ഇതിൽ ഇടപെട്ടിട്ടില്ലെന്നും മന്ത്രി ചിഞ്ചുറാണി മാധ്യമങ്ങളോടു പറഞ്ഞു