ചെങ്ങന്നൂർ : ചെങ്ങന്നൂരിലെ റവന്യു ഓഫീസുകൾ ഒറ്റക്കുടക്കീഴിലാക്കുന്ന മിനി സിവിൽ സ്റ്റേഷൻ അനക്സ് കെട്ടിടസമുച്ചയത്തിന്റെ നിർമ്മാണം തുടങ്ങുന്നു.. എൻജിനിയറിങ് കോളേജിന് സമീപം പഴയ താലൂക്ക് ഓഫീസ് സ്ഥിതിചെയ്തിരുന്ന സ്ഥലത്താണ് 21 കോടി ചെലവിൽ കെട്ടിടം നിർമ്മിക്കുന്നത്. ഭരണാനുമതി നൽകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. 100 വർഷം പഴക്കമുള്ള പഴയ താലൂക്ക് ഓഫീസ് കെട്ടിടം പൊളിച്ചുതുടങ്ങി. പുതിയ കെട്ടിടത്തിന്റെ രൂപരേഖയ്ക്ക് അംഗീകാരമായിട്ടുണ്ട്. ചെങ്ങന്നൂർ താലൂക്ക് ഓഫീസ്, ആർ.ഡി.ഒ. ഓഫീസ്, ചെങ്ങന്നൂർ വില്ലേജ് ഓഫീസ്, രജിസ്‌ട്രേഷൻ ഓഫീസ് എന്നിവ പുതിയ കെട്ടിടത്തിലായിരിക്കും.
റീബിൽഡ് കേരളയിൽനിന്നുള്ള ഫണ്ട്, ബഡ്റ്റ് വിഹിതം എന്നിവ ഉപയോഗിച്ചാണ് കെട്ടിടം പണിയുന്നത്. റീബിൽഡ് കേരള പദ്ധതി പ്രകാരം 10.12 കോടി രൂപയാണ് അനുവദിച്ചത്. 11 കോടി ബഡ്ജറ്റ് വിഹിതമായി സർക്കാർ അനുവദിക്കും. രണ്ടു പദ്ധതികളിലായാണ് കെട്ടിടനിർമ്മാണമെങ്കിലും ഒറ്റ ടെൻഡർ മാത്രമേ ഉണ്ടായിരിക്കൂ. ആദ്യം താലൂക്ക് ഓഫീസ് മാത്രം പണിയാനായിരുന്നു തീരുമാനം. മറ്റ് ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങളുടെ അവസ്ഥയും മോശമാണെന്ന് കണ്ടെത്തിയതോടെയാണ് റവന്യൂ ടവർ എന്ന ആശയമുണ്ടായത്. താലൂക്ക് ഓഫീസ് താത്കാലിക കെട്ടിടത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.