കോന്നി : അജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി കോന്നി ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡ് മഠത്തിൽ കാവിൽ സ്ഥാപിച്ച മിനി എം സി എഫ്(മെറ്റിരിയൽ കളക്ഷൻ ഫെസിലിറ്റി ) നാട്ടുകാർക്ക് ബുദ്ധിമുട്ടാകുന്നു. ഹരിത കർമ്മ സേനയുടെ സഹകരണത്തോടെ വീടുകളിലെ അജൈവ മാലിന്യങ്ങൾ വീടുകളിൽ നിന്നും ശേഖരിച്ച് മാലിന്യ സംസ്കാരണ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനായാണ് മിനി എം സി എഫ് സ്ഥാപിച്ചത്. എന്നാൽ ഇവിടെ സ്ഥാപിച്ച എം സി എഫിൽ മാലിന്യങ്ങൾ കുന്നുകൂടി ദുർഗന്ധം വമിക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും മാലിന്യങ്ങൾ നീക്കം ചെയ്തിട്ടില്ല.
മാസങ്ങൾക്ക് മുൻപുള്ള മാലിന്യങ്ങൾ പോലും കെട്ടി കിടന്ന് പ്രദേശത്ത് ദുർഗന്ധം വമിക്കുകയാണ്.ഇടക്ക് മഴ കൂടി പെയ്തതോടെ കുന്നുകൂടിയ മാലിന്യങ്ങൾ അഴുകി പ്രദേശത്ത് കൊതുക് ശല്യവും രൂക്ഷമാണ്.കൂടാതെ നിരവധി വീടുകളും കോളേജും ആരാധനാലയങ്ങളും അടക്കം സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് ഈ ദുരവസ്ഥ. മാലിന്യങ്ങൾ നീക്കം ചെയ്യാതെ വന്നതോടെ ആളുകൾ എം സി എഫിന് മുന്നിൽ തന്നെ മാലിന്യങ്ങൾ കവറിൽ കെട്ടി ഉപേക്ഷിച്ചിരിക്കുന്നതും കാണാം.
ഇത്തരത്തിൽ മാലിന്യങ്ങൾ എം സി എഫിന് വെളിയിൽ ഉപേക്ഷിക്കരുതെന്ന് കോന്നി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ മുന്നറിയിപ്പ് ബോർഡും സമീപത്ത് കാണാം. എപ്പോഴും ആളുകൾ വരുകയും വിശ്രമിക്കുകയും ചെയ്യുന്ന സ്ഥലത്താണ് ഈ എം സി എഫ് എന്നതും ശ്രദ്ദേയമാണ്. യു ഡി എഫ് ഭരിക്കുന്ന കോന്നി ഗ്രാമ പഞ്ചായത്ത് വിഷയത്തിൽ ഗൗരവകരമായ സമീപനം സ്വീകരിക്കാത്തത്തിൽ ജനങ്ങളുടെ പ്രതിഷേധം ശക്തമാണ്.