ന്യൂഡല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ആശ്വാസകരവുമായ തീരുമാനവുമായി രംഗത്തെത്തി. സേവിങ്സ് ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്ത ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാറുള്ള പിഴയും എസ്.എം.എസ് നിരക്കുകളും പൂര്‍ണ്ണമായി ഒഴിവാക്കി. 44 കോടിയോളം വരുന്ന ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്ന് ട്വിറ്ററിലൂടെ എസ്.ബി.ഐ അറിയിച്ചു.
പുതിയ തീരുമാനം എല്ലാവിധ സംവിധാനങ്ങളും ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്കും ബാധകമായിരിക്കുമെന്ന് എസ്ബിഐ അറിയിച്ചു. ഇന്‍റര്‍നെറ്റ് ബാങ്കിങ്ങും ചെക്ബുക്ക് സംവിധാനവുമുള്ള എല്ലാ സേവിങ്സ് അക്കൗണ്ടുകള്‍ക്കും പുതിയ ഇളവ് ഉണ്ടോ എന്ന ചോദ്യവുമായി ട്വീറ്റിന് കമന്‍റിട്ടവര്‍ക്ക് മറുപടിയായി എല്ലാ അക്കൗണ്ടുകള്‍ക്കും ബാധകമാണെന്ന് എസ്.ബി.ഐ അറിയിച്ചു. അതേസമയം സേവിങ്സ് അക്കൗണ്ടുകളില്‍ ഒരു ലക്ഷവും അതിന് മുകളിലും ബാലന്‍സ് സൂക്ഷിക്കുന്നവര്‍ക്ക് എത്ര തവണവേണമെങ്കിലും എ.ടി.എം ട്രാന്‍സാക്ഷന്‍ നടത്താമെന്ന ഓഫറും എസ്.ബി.ഐ മുന്നോട്ടുവെക്കുന്നുണ്ട്. സേവിംഗ്സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാതിരുന്നാലുള്ള പിഴ ഒഴിവാക്കാന്‍ കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തന്നെ എസ്.ബി.ഐ തീരുമാനിച്ചിരുന്നു.
മെട്രോ നഗരങ്ങളില്‍ ചുരുങ്ങിയത് 3000 രൂപയും അര്‍ദ്ധനഗരങ്ങളില്‍ 2000 രൂപയും ഗ്രാമങ്ങളില്‍ 1000 രൂപയും മിനിമം ബാലന്‍സ് വേണമെന്നായിരുന്നു ഇതുവരെ ഉണ്ടായിരുന്ന എസ്ബിഐയുടെ നിര്‍ദേശം. ഇതു പാലിക്കാതിരുന്നാല്‍ അഞ്ചു രൂപ മുതല്‍ 15 രൂപ വരെ ഉപഭോക്താക്കള്‍ക്ക് എസ്ബിഐ പിഴ ഈടാക്കിയിരുന്നു.