തിരുവനന്തപുരം : കോവിഡ് കാലത്ത് ബസ് ചാര്‍ജ് മിനിമം പത്ത് രൂപയാക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍. ഇത് സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് കമ്മീഷന്‍ സര്‍ക്കാരിന് കൈമാറി. അന്തിമ തീരുമാനമെടുക്കാന്‍ ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ രാവിലെ 11 ന് ഉന്നതതല യോഗം ചേരും
അഞ്ചു കിലോമീറ്ററിന് മിനിമം ചാര്‍ജ്ജ് എട്ടു രൂപയായിരുന്നത് പത്തു രൂപയാക്കണമെന്നാണ് കമ്മീഷന്റ പ്രധാന ശുപാര്‍ശ. തുടര്‍ന്നുള്ള ഓരോ രണ്ടര കിലോമീറ്ററിനും രണ്ടു രൂപ വീതം കൂട്ടാം. അതായത് പത്ത് കഴിഞ്ഞാല്‍ 12, 14 16, 18,20 എന്നിങ്ങനെയാണ് തുടര്‍ന്നുള്ള സ്റ്റേജുകളിലെ നിരക്ക്. മിനിമം ചാര്‍ജ് 12 രൂപയാക്കിയുള്ള മറ്റൊരു ശുപാര്‍ശയും കമ്മീഷന്റ റിപ്പോര്‍ട്ടിലുണ്ട്. വിദ്യാര്‍ത്ഥികളുടെ നിരക്ക് 50 ശതമാനം ആക്കിയേക്കും. നിരക്ക് കൂടുന്നതോടെ ബസില്‍ സാമൂഹിക അകലം ഏര്‍പ്പെടുത്തുമോയെന്ന് വ്യക്തമല്ല. കോവിഡ് കഴിഞ്ഞാല്‍ നിരക്ക് കുറയ്ക്കേണ്ടി വരുമെന്നതിനാല്‍ അതു കൂടി കണക്കിലെടുത്തായിരിക്കും സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കുക.
കോവിഡ് കാലത്തേക്ക് മാത്രമുള്ള നിരക്ക് വര്‍ധന ആയതിനാല്‍ ഇടതു മുന്നണിയില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ ഗതാഗത വകുപ്പിന്റ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചാലുടന്‍ പ്രഖ്യാപനം ഉണ്ടായേക്കും. നഷ്ടം കാരണം ഭൂരിഭാഗം സ്വകാര്യ ബസുകളും ഇപ്പോള്‍ സര്‍വീസ് നടത്തുന്നില്ല. ഇത് കൂടി കണക്കിലെടുത്താണ് കമ്മീഷന്‍ റിപ്പോര്‍ട്ട് വേഗത്തില്‍ സമര്‍പ്പിച്ചത്. നേരത്തെ 50 ശതമാനം ചാര്‍ജ് വര്‍ധിപ്പിച്ചത് ബസുകളിലെ സാമൂഹിക അകലം ഒഴിവാക്കിയതോടെ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇതിനെതിരെ ബസുടമകള്‍ കോടതിയെ സമീപിച്ചതോടെയാണ് കമ്മീഷനോട് റിപ്പോര്‍ട്ട് വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്