അഗളി : അട്ടപ്പാടിയിൽ ക്രിപ്റ്റോ കറൻസിയുടെ പേരിൽ മണി ചെയിൻ തട്ടിപ്പെന്ന് അഗളി ഡിവൈ.എസ്.പിക്ക് പരാതി. അഗളി, ഭൂതിവഴി സ്വദേശികളായ ഏഴുപേരാണ് പരാതി നൽകിയിരിക്കുന്നത്. ബിറ്റ് എസ് എക്സ്, ബിറ്റ് ക്യൂ എഫ് എക്സ് എന്ന കമ്പനിയുടെ പേരിലാണ് തട്ടിപ്പ് നടത്തിയതായി പരാതിയിൽ പറയുന്നത്. അഗളി, ഭൂതിവഴി സ്വദേശികളായ വിഷ്ണു, വേണുഗോപാൽ, സജി, വൈശാഖ്, ഷാനവാസ്, അരുൺഗാന്ധി, മണികണ്ഠൻ എന്നിവരിൽനിന്ന് 6,15,000 രൂപയും അട്ടപ്പാടിയിൽ ആദിവാസികളടക്കം നൂറോളം പേരിൽനിന്ന് 50 ലക്ഷം രൂപയും നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്.
തൃശ്ശൂർ സ്വദേശികളെന്ന പേരിൽ സത്യൻ, സ്വാലിഹ്, ആഷിക് എന്നിവർ അഗളി സ്വദേശി റിയാസ് മുഖേനയാണ് മണി ചെയിൻ തട്ടിപ്പ് നടത്തിയതെന്നാണ് പരാതിയിൽ പറയുന്നത്. കുറഞ്ഞ നിക്ഷേപത്തുക 8000 രൂപയാണ്. ഒരു വർഷത്തിൽ നിക്ഷേപത്തുകയുടെ ഇരട്ടി നൽകുമെന്നും പണം നിക്ഷേപിച്ചതിന്റെ അടുത്ത ദിവസം മുതൽ നിക്ഷേപത്തുകയുടെ ഒരു ശതമാനം ലഭിക്കുമെന്നുമായിരുന്നു വാഗ്ദാനം.
ഈ പദ്ധതിയിലേക്ക് ഒരാളെ ചേർക്കുമ്പോൾ നിക്ഷേപത്തുകയുടെ 10 ശതമാനം കമ്മീഷനായി ലഭിക്കുമെന്നാണ് കമ്പനി വാഗ്ദാനം നൽകിയിരുന്നത്. പണം നിക്ഷേപിച്ചതിനുശേഷം കമ്പനി പറഞ്ഞ പണം കിട്ടാതായതോടെ കമ്പനി അധികൃതരെന്ന് അവകാശപ്പെടുന്നവരെ വിളിച്ചാൽ ഫോണെടുക്കുന്നില്ലെന്നാണ് നിക്ഷേപകർ പറയുന്നത്. പരാതിയിൽ പ്രാഥമികാന്വേഷണം ആരംഭിച്ചതായി അഗളി ഡിവൈ.എസ്.പി. മുരളീധരൻ പറഞ്ഞു.