ന്യൂഡല്‍ഹി : ക്വാറി കേസ് വീണ്ടും ഹരിത ട്രൈബ്യൂണലിലേക്ക് അയക്കരുതെന്ന് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചു. പരിസ്ഥിതി വിഷയങ്ങളില്‍ സ്വമേധയാ കേസെടുത്ത് ഉത്തരവിറക്കാന്‍ ദേശീയ ഹരിത ട്രൈബ്യുണലിന് അധികാരമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. അതേ സമയം കത്തുകള്‍, നിവേദനം എന്നിവയുടെ അടിസ്ഥാനത്തില്‍ പരിസ്ഥിതി വിഷയങ്ങളില്‍ ഇടപെടാന്‍ ഹരിത ട്രൈബ്യുണലിന് കഴിയുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും അറിയിച്ചു.
ക്വാറികള്‍ക്ക് ദൂരപരിധി നിശ്ചയിച്ച ദേശീയ ഹരിത ട്രൈബ്യുണല്‍ നടപടിക്കെതിരായ അപ്പീലുകളിലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിലപാട് അറിയിച്ചത്. പരിസ്ഥിതി വിഷയങ്ങളില്‍ സ്വമേധയാ കേസെടുക്കാന്‍ ദേശീയ ഹരിത ട്രൈബ്യുണലിന് കഴിയുമോയെന്ന വിഷയമാണ് ക്വാറി കേസില്‍ ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പരിശോധിക്കുന്നത്.
ക്വാറികള്‍ക്ക് ദൂരപരിധി നിശ്ചയിച്ച ദേശീയ ഹരിത ട്രൈബ്യുണല്‍ നടപടി റദ്ദാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 2015ല്‍ രൂപീകരിച്ച ചട്ടങ്ങളില്‍ ജനവാസകേന്ദ്രവും ക്വാറിയുമായുള്ള കുറഞ്ഞ ദൂരപരിധി 50 മീറ്ററാണെന്നും ചട്ടങ്ങള്‍ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കാനും ദൂരപരിധി നിശ്ചയിക്കാനും ഹരിത ട്രൈബ്യുണലിന് അധികാരമില്ലെന്നും കേരള സര്‍ക്കാര്‍ വാദിച്ചു.
കേസ് വീണ്ടും ദേശീയ ഹരിത ട്രൈബ്യുണലിന് മുന്നിലേക്ക് അയക്കരുതെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഖനനത്തിനായി സ്ഫോടനം നടത്തുന്ന ക്വാറികള്‍ ജനവാസകേന്ദ്രത്തില്‍ നിന്ന് ഇരുനൂറ് മീറ്ററും അല്ലാത്തവ നൂറ് മീറ്ററും ദൂരപരിധി പാലിക്കണമെന്നാണ് ഹരിത ട്രൈബ്യുണല്‍ ഉത്തരവ്. കേസിലെ വാദംകേള്‍ക്കല്‍ ചൊവ്വാഴ്ച തുടരും.