കൊച്ചി: കെഎസ്‌ആര്‍ടിസി ഡ്രൈവര്‍മാരുടെ ജോലി ഭാരം കുറക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. മുന്‍പ് ഇത് കൃത്യമായി നടപ്പിലക്കിയിരുന്നതാണ്. കൊവിഡ് കാരണം സര്‍വീസുകള്‍ കുറച്ച് മാത്രമാണ് തുടങ്ങിയത്. പൂര്‍ണ തോതില്‍ ആകുമ്പോള്‍ ഇത് നടപ്പാക്കും. വൈറ്റില അപകടം കാരണം സംബന്ധിച്ച് അന്വേഷണം നടക്കുമെന്നും മന്ത്രി പറഞ്ഞു. കെഎസ്‌ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട സ്ഥലം സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
കൊച്ചി വൈറ്റിലക്ക് സമീപം ചക്കരപ്പറമ്പില്‍ കെഎസ്‌ആര്‍ടിസി ബസ് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിയ്ക്കുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഡ്രൈവര്‍ തിരുവനന്തപുരം പഴയോട് സ്വദേശി അരുണ്‍ സുകുമാര്‍ (45) ആണ് മരിച്ചത്. കണ്ടക്ടര്‍ സുരേഷ് ഉള്‍പ്പെടെ രണ്ടു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിലും എറണാകുളം ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന ബസ് പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടത്തില്‍പ്പെട്ടത്. മീഡിനില്‍ ഇടിച്ചു കയറിയതിനു ശേഷമാണ് മരത്തില്‍ ഇടിച്ചത്.