കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ എം എസ് എഫ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത ശേഷം കൈവിലങ്ങ് വെച്ചതായി പരാതി. എം എസ് എഫ് നേതാക്കളായ അഫ്രിന്‍, ഫസീഹ് എന്നിവരെയാണ് പോലീസ് കൈവിലങ്ങ് അണിയിച്ചത്. കൊയിലാണ്ടി പൊലീസിന്‍റെ നടപടിക്കെതിരെ മുസ്ലീം ലീഗ് നേതാക്കളും രംഗത്തെത്തി. സംഭവത്തില്‍ പോലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കുമെന്ന് എം എസ് എഫ് അറിയിച്ചു. പ്ലസ് ടു സീറ്റ് വിഷയത്തില്‍ സമര രംഗത്തുള്ള എം എസ് എഫ് പ്രതിഷേധത്തിന്‍റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടിയെ കരിങ്കൊടി കാണിക്കാന്‍ തീരുമാനിച്ചിരുന്നു.
കൊയിലാണ്ടിയില്‍ പൊതു പരിപാടിക്കായി മന്ത്രിയെത്തുന്നതിന്‍റെ തൊട്ടു മുമ്പാണ് റോഡരികില്‍ വെച്ച് എം എസ് എഫ് ക്യാമ്പസ് വിംഗ് ജില്ലാ കണ്‍വീനര്‍ അഫ്രിന്‍,മണ്ഡലം സെക്രട്ടറി ഫസീഹ് എന്നിവരെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തത്. ഇതിനു പിന്നാലെ സ്റ്റേഷനിലെത്തിച്ച ശേഷം ഇവരെ കൈവിലങ്ങ് വെച്ചാണ് വൈദ്യ പരിശോധനക്കായി ആശുപത്രിയില്‍ കൊണ്ടു പോയത്. ഇവര്‍ക്കു പുറമേ മന്ത്രിയെ കരിങ്കൊടി കാണിച്ച നാല് എം എസ് എഫ് പ്രവര്‍ത്തകരേയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ആറു പേരേയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. തട്ടിപ്പ് നടത്തിയ എസ് എഫ് നേതാക്കള്‍ക്കില്ലാത്ത വിലങ്ങ് പ്ലസ് ടു സീറ്റ് വിഷയത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥി നേതാക്കളെ അണിയിച്ചതിന് മറുപടി പറയിക്കുമെന്ന് എം എസ് എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസ് പറഞ്ഞു.
പോലീസ് നടപടിക്കെതിരെ ലീഗ് നേതാക്കളായ കെ പി എ മജീദും കെ എം ഷാജിയും രംഗത്തെത്തി. യു പി അല്ല കേരളമാണ് ഇതെന്ന് ഓര്‍ക്കണമെന്ന് മജീദ് ഫേസ് ബുക്കില്‍ കുറിച്ചു. കാലം മാറ്റും തിരിച്ചടിക്കും എന്നത് മാത്രമാണ് സിപിഎമ്മിന് വേണ്ടി വിടുപണി ചെയ്യുന്നവരോട് പറയാനുള്ളൂവെന്നായിരുന്നു ഷാജിയുടെ വാക്കുകള്‍. അതേ സമയം വൈദ്യ പരിശോധനക്ക് കൊണ്ടു പോകുമ്പോള്‍ വിലങ്ങ് അണിയിക്കണമെന്ന നിര്‍ദേശം പാലിക്കുകയാണ് ചെയ്തതെന്നും ഇവര്‍ പോലീസ് കസ്റ്റഡിയിലും പ്രതിഷേധിച്ചിരുന്നുവെന്നും കൊയിലാണ്ടി പോലീസ് പറഞ്ഞു.