തിരുവനന്തപുരം : സാമൂഹ്യവിരുദ്ധർ ആക്രമണം നടത്തിയ തിരുവനന്തപുരം ഉള്ളൂരിലെ സപ്ലൈകോ പെട്രോൾ പമ്പ് ഭക്ഷ്യ – പൊതുവിതരണ വകുപ്പു മന്ത്രി ജി.ആര്‍. അനില്‍ സന്ദർശിച്ചു. ഞായറാഴ്ച രാത്രിയാണ് ഏതാനും സാമൂഹ്യവിരുദ്ധർ ഉള്ളൂർ പെട്രോൾ പമ്പ് ആക്രമിച്ചത്. ആക്രമണത്തിൽ ഓഫീസിന്റെ ചില്ലുകൾ തകരുകയും പമ്പിൽ ജോലിയിൽ ഏർപ്പെട്ടിരുന്ന ജീവനക്കാർക്ക് മർദ്ദനമേൽക്കുകയും ചെയ്തു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് എസ്.യു.റ്റി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജീവനക്കാരനായ രാജേന്ദ്രനെ മന്ത്രി സന്ദർശിച്ചു.
കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും 24 മണിക്കൂറും പ്രവർത്തിക്കുന്ന പമ്പുകളിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പോലീസ് പെട്രോളിംഗ് ഏർപ്പെടുത്തുന്ന കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ബൈക്ക് ഇരപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് അക്രമത്തിലെത്തിയത്. പമ്പിലെ മാനേജർക്കും അക്രമി സംഘത്തിലെ ഒരാൾക്കും പരിക്കേറ്റു. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയാണ് ഉള്ളൂർ സിവിൽ സപ്ലൈസ് പമ്പിൽ പെട്രോളടിക്കാനായി യുവാവ് ബൈക്കിലെത്തുന്നത്. മദ്യലഹരിയിലായിരുന്ന ഇയാൾ ബൈക്ക് അനാവശ്യമായി ഇരപ്പിച്ചപ്പോള്‍ പമ്പ് ജീവനക്കാർ വിലക്കി. തുടർന്ന് വാക്കുതർക്കമായി.