കണ്ണൂര്‍: ജനങ്ങളുടെ കീശയില്‍ കൈയിട്ട് വരുന്ന ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ സര്‍വീസിലുണ്ടാവില്ലെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍. സേവനം ചെയ്യുക എന്നതാണ് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം. അതിനാണ് ശമ്പളം ലഭിക്കുന്നത്. നീണ്ട കാലം പരാതികള്‍ പരിഹരിക്കാതെ കിടക്കുക എന്നത് ജനങ്ങളോട് കാണിക്കുന്ന അപരാധമാണെന്നും മന്ത്രി പറഞ്ഞു.സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ‘കരുതലും കൈത്താങ്ങും’ കണ്ണൂര്‍ താലൂക്ക്തല പരാതി പരിഹാര അദാലത്ത് കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്‌കൂള്‍ അങ്കണത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജനങ്ങളുടെ പരാതികള്‍ക്ക് ഉടന്‍ പരിഹാരം കാണുന്നതിനൊപ്പം അഴിമതിരഹിതവും കാര്യക്ഷമവുമായ സിവില്‍ സര്‍വീസ് സംവിധാനം രൂപപ്പെടുത്തുക എന്ന ലക്ഷ്യം കൂടിയാണ് പരാതി പരിഹാര അദാലത്തിനുള്ളത്. പരാതികള്‍ എത്രയും പെട്ടന്ന് പരിഹരിക്കാനായി സാങ്കേതിക വിദ്യയുടെ സഹായം തേടുകയാണ്. ഇക്കാര്യത്തില്‍ ജില്ലയുടെ പ്രവര്‍ത്തനം മാതൃകാപരമാണ്. പരാതി പരിഹാര രംഗത്ത് ജില്ലാ ഭരണകൂടത്തിന് ഈ അദാലത്ത് വഴികാട്ടിയാവുമെന്നും മന്ത്രി പറഞ്ഞു.