ശബരിമല : ഭക്തരുടെ വിശ്വാസത്തെ കരുവാക്കി നേട്ടമുണ്ടാക്കാനാണ് കോൺഗ്രസ്സ് – ബിജെപി ശ്രമമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ശബരിമലയിൽ വലിയ പ്രശ്നങ്ങളില്ല. വെള്ളമില്ല വെളിച്ചമില്ല എന്നുള്ള മുദ്രാവാക്യം ബോധപൂർവ്വം ഉണ്ടാക്കുന്നതാണ്. എല്ലാ സൗകര്യങ്ങളുടെയും നടുവിൽ നിന്നാണ് മുദ്രാവാക്യം വിളിക്കുന്നത്. അച്ഛനെ കാണാതെ കരയുന്ന കുട്ടിയെ മറ്റൊരു രീതിയിൽ ചിത്രീകരിക്കാൻ ശ്രമിക്കുന്നു. അതിന്റെ പേരിൽ ചിലർ ഭജനയിരിക്കാൻ പോകുന്നുവെന്നും ഇതൊക്കെ ശരിയാണോ എന്ന് ചിന്തിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. ആളുകൾ കൂടുതലായി വന്നപ്പോൾ ക്യൂ നീണ്ടു. പരിചയ സമ്പന്നരായ പോലീസുകാരാണ് ശബരിമലയിലുള്ളത്. ഭക്തരെ ബുദ്ധിമുട്ടിക്കുന്ന നിലയിൽ വാഹനങ്ങൾ ബ്ലോക്ക് ചെയ്യരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.
ബിജെപി സംഘത്തിന് മാത്രമല്ല ആർക്കും ശബരിമലയിൽ സന്ദർശനം നടത്താം. ശബരിമലയെ സമരത്തിന്റെ വേദിയാക്കി മാറ്റരുത്. ഇത്തരക്കാരുടെ സന്ദർശനങ്ങളുടെ പിന്നിൽ ബോധപൂർവമായ ലക്ഷ്യമുണ്ട്. മറ്റു വിഷയങ്ങളിൽ സർക്കാരിനെതിരെ പറയാൻ കഴിയാത്ത സാഹചര്യമാണ് പ്രതിപക്ഷത്തിന്. അതുകൊണ്ടാണ് ശബരിമലയിൽ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ദേവസ്വവും പോലീസും രണ്ട് തട്ടിലല്ല. അഭിപ്രായ വ്യത്യാസങ്ങൾ തർക്കമായി ചിത്രീകരിക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല തകർന്ന് പോകട്ടെ എന്നാണ് ചിലരുടെ ആഗ്രഹം. ഏത് കാലത്തെക്കാളും മെച്ചപ്പെട്ട സൗകര്യമാണ് ശബരിമലയിലുള്ളത്. ഇനിയും സൗകര്യങ്ങൾ ഒരുക്കും. ഷെഡ് കെട്ടാൻ പോലും വനം വകുപ്പിന്റെ അനുമതി വേണം. കൂടുതൽ സൗകര്യങ്ങൾ ഒരുക്കം കേന്ദ്രത്തിന്റെ സഹകരണവും വേണമെന്ന് അദ്ദേഹം പറഞ്ഞു.