റാന്നി: നിയോജകമണ്ഡലത്തിലെ പട്ടയ വിഷയം പരിഹരിക്കുന്നതിന് സർക്കാർ വളരെ പ്രാധാന്യത്തോടെയാണ് നടപടി സ്വീകരിക്കുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അറിയിച്ചു. പ്രമോദ് നാരായൺ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. പട്ടയ വിഷയങ്ങൾ പട്ടയ ഡാഷ്ബോർഡിൽ ഉൾപ്പെടെ ചേർത്ത് സർക്കാർ പരിശോധിച്ചിട്ടുണ്ട്. പട്ടയം നൽകുന്നതിനുള്ള പ്രശ്നപരിഹാരത്തിന് നിർദ്ദേശം നൽകപ്പെട്ടതുമാണ്. പെരുമ്പെട്ടി പട്ടയം – സെറ്റിൽമെൻറ് രജിസ്റ്ററിൽ പുറമ്പോക്ക് എന്നും റിമാർക്സ് കോളത്തിൽ റിസർവ്വ് എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജണ്ടക്കും റിസർവനത്തിന്റെ വിസ്തീർണത്തിനും അതിർത്തിക്കും പുറത്തുള്ളതും ബിടി ആറിലെ കോളത്തിൽ റിസർവ് ഫോറസ്റ്റ് എന്നത് മാറ്റുന്നതിനും 13 നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുന്നതിന് മുമ്പായി മുഴുവൻ കൈവശക്കാർക്കും പട്ടയം നൽകുന്നതിനുമാണ് തീരുമാനിച്ചിട്ടുള്ളത്. സെറ്റിൽമെൻറ് രജിസ്റ്റർ പ്രകാരം പുറമ്പോക്ക് എന്നും റിമാക്സിൽ റിസർവ് എന്നും രേഖപ്പെടുത്തിയിരിക്കുന്ന അത്തിക്കയം തെക്കേത്തൊട്ടിയുടെ പട്ടയം ‘പരാമർശഭൂമി ജണ്ടയ്ക്ക് പുറത്തായതിനാൽ ജോയിൻ്റ് വെരിഫിക്കേഷൻ നടത്തേണ്ട ആവശ്യമില്ല എന്ന് അറിയിച്ച് ഹൈക്കോടതി മുൻപാകെ അഫിഡബിറ്റ് ഫയൽ ചെയ്യുവാനുമുള്ള നടപടികളുമായി മുന്നോട്ടു പോകുവാനും തീരുമാനിച്ചിട്ടുണ്ട്.
വലിയപതാൽ പട്ടയം – ട്രൈബൽ സെറ്റിൽമെൻറ് എന്നുള്ള രേഖപ്പെടുത്തലുകൾ ഒന്നും കണ്ടെത്താൻ സാധിക്കാത്തതിനാൽ കെ എസ് ടി ആക്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുന്നതിനും സർക്കാർ ഉത്തരവിൽ പ്രസ്താപിക്കുന്ന നിയമങ്ങളുടെ അടിസ്ഥാനത്തിൽ പട്ടയ നടപടികൾ ആരംഭിക്കും. വെച്ചൂച്ചിറ എക്സ് സർവീസ് മെൻ കോളനി നിലവിലെ കൈവശക്കാരിൽ എക്സ് സർവീസ് മെൻ അല്ലാത്തവരും ഉള്ളതിനാൽ നിലവിലുള്ള സർക്കാർ ഉത്തരവ് ഭേദഗതി ചെയ്തു പട്ടയം നൽകാനാണ് തീരുമാനിച്ചിട്ടുള്ളത്. റാന്നി താലൂക്കിലെ ട്രൈബൽ സെറ്റിൽമെൻറ് ആയ പരുവ, മണക്കയം, കുരുമ്പൻമൂഴി, കക്കുടുക്ക, മണ്ണടിശാല, അരയാഞ്ഞിലിമൺ, അടിച്ചിപ്പുഴ, കടുമീൻചിറ, കുടമുരുട്ടി എന്നിവിടങ്ങളിൽ ഭൂമി ഇനം പുറമ്പോക്ക് എന്നും റിമാർക്ക്സ് കോളത്തിൽ വനം എന്നും രേഖപ്പെടുത്തിയിട്ടുള്ള കേസുകളിൽ അത്തരം പ്രദേശങ്ങളിലെ പ്രശ്നം പരിഹരിക്കാനായി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട് – വടശ്ശേരിക്കര മുക്കുഴി, ചേത്തയ്ക്കൽ വില്ലേജിലെ അരയൻപാറ എന്നിവ ഒരിക്കൽ മിച്ചഭൂമി പട്ടയം അനുവദിച്ച പ്രദേശങ്ങളാണ്. ഇവിടെ ഏത് ചട്ടപ്രകാരം പട്ടയം അനുവദിക്കണമെന്നുള്ളത് സംബന്ധിച്ച് സർക്കാരിൽ നിന്നും സ്പഷ്ടീകരണം ലഭ്യമാക്കി തുടർനടപടികൾ സ്വീകരിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്.
വില്ലേജ് രേഖകൾ പ്രകാരം സ്വകാര്യ വ്യക്തികളുടെ പേരിലുള്ള വലിയകുളം പ്രദേശത്ത് ഭൂമി വെള്ളപ്പൊക്ക ബാധിതർക്കും ഭൂരഹിതരായ ആളുകളെ പുനരധിവസിപ്പിക്കുന്നതിനുമായി കേരള ഗവർണറുടെ പേരിൽ വിലയ്ക്ക് വാങ്ങിയിട്ടുള്ളതാണ്. സ്ഥല പരിശോധന നടത്തി പട്ടയം ലഭിച്ച് കരം അടയ്ക്കുന്നവരുടെ വിസ്തീർണ്ണം കണക്കാക്കി ബാക്കിയുള്ള സ്ഥലം പുറമ്പോക്ക് മാറ്റിയിട്ടുള്ളതും കൈവശ കക്ഷികൾക്ക് പട്ടയം നൽകുവാനുള്ള നടപടികൾ സ്വീകരിച്ചിട്ടുള്ളതുമാണ്. പെരുനാട് വില്ലേജിലെ കണ്ണനുമൺ പട്ടയ പ്രശ്നം തോട് പുറമ്പോക്കിൽ പെട്ടതാണ്. തോട പുറമ്പോക്ക് പഞ്ചായത്ത് ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ അതിർത്തി പങ്കിടുന്ന കൈവശഭൂമി തോട്ടിൽ നിന്നും നാലു മീറ്റർ മാറ്റി കേരള പതിവ് ചട്ട പ്രകാരം കൈവശ കക്ഷികൾക്ക് പട്ടയം നൽകുന്നതിന് ജില്ലാതലത്തിൽ നടപടി സ്വീകരിച്ചു വരുന്നുവെന്നും മന്ത്രി അറിയിച്ചു.