തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസി ഭൂമിക്ക് വ്യാജരേഖയുണ്ടാക്കി തട്ടിയെടുക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. രാജൻ. നിയമസഭയിൽ കെ.കെ രമ എം.എല്‍.എ അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റത്തെക്കുറിച്ച് അവതരിപ്പിച്ച സബ് മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പട്ടികവർഗ്ഗക്കാർ തലമുറകളായി താമസിച്ചു വന്നിരുന്ന ഇടങ്ങളിലാണ് മറ്റുളളവർ കൈയ്യേറി അവകാശം സ്ഥാപിക്കുകയും സ്ഥാപിക്കുവാൻ ശ്രമിക്കുകയും ചെയ്‌തുകൊണ്ടിരിക്കുന്നത്. ഒരു കാലത്ത് ഈ ഭൂമിയിൽ സ്വതന്ത്രമായി വിഹരിക്കുന്നതിനും കൃഷി ചെയ്യുന്നതിനും യാതൊരുവിധ തടസ്സങ്ങൾ ഉണ്ടായിരുന്നില്ല.
എന്നാൽ അവരുടെ ഭൂമിയ്ക്ക് സ്വന്തമായിട്ട് രേഖകൾ ലഭിക്കുകയോ ആയത് ലഭ്യമാകുന്നതിന് ശ്രമിക്കുകയോ ചെയ്‌തിരുന്നില്ല. അട്ടപ്പാടിയിൽ തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലെ മറ്റ് പ്രദേശങ്ങളിൽ നിന്നും കുടിയേറി വന്നവർ പട്ടികവർഗ്ഗക്കാരുടെ നിഷ്‌കളങ്കതയും അജ്ഞതയും മുതലെടുത്ത് ഭൂമി കൈയ്യേറുന്നതും ഭീഷണിപ്പെടുത്തിയും, മറ്റ് സ്വാധീനങ്ങൾ വഴിയും തലമുറകളായി അനുഭവിച്ച് വരുന്ന ഭൂമി അന്യാധീനപ്പെടുന്നതുമായ അവസ്ഥയാണ് നിലവിലുള്ളത്. ഇതിനെതിരെ ശക്തമായ നിലപാടുകളാണ് സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.