കൊച്ചി : സംസ്ഥാന ടൂറിസം, പൊതുമരാമത്ത് വകുപ്പു മന്ത്രി മുഹമ്മദ് റിയാസും അനൂപ് ജേക്കബ്ബ് എം.എല്‍.എ.യും കൂത്താട്ടുകുളം മഹാദേവക്ഷേത്രത്തില്‍ ഷര്‍ട്ടു ധരിച്ചു കയറിയത് വിവാദമായി. പ്രദേശത്തെ ഇടതുപക്ഷ രാഷ്ട്രീയപ്രവര്‍ത്തകരടക്കമുള്ള നിരവധിപേരാണ് ഇതേരീതിയില്‍ നാലമ്പലത്തിനകത്തു പ്രവേശിച്ചത്. ഹൈന്ദവ സമൂഹത്തിന്‍റെ വിശ്വാസങ്ങളെ അവഹേളിക്കുന്ന പെരുമാറ്റമാണ് ക്ഷേത്രത്തില്‍ അരങ്ങേറിയതെന്ന് ഭക്തജനസമൂഹം പറയുന്നു.
ആയിരം വര്‍ഷത്തോളം പഴക്കമുള്ള ചരിത്രമുറങ്ങുന്ന മഹാക്ഷേത്രങ്ങളിലൊന്നാണ് കൂത്താട്ടുകുളം മഹാദേവക്ഷേത്രം. ക്ഷേത്രാചാരങ്ങളെ അവഹേളിച്ചുകൊണ്ട് അകത്തുപ്രവേശിച്ച മന്ത്രിക്കും എം.എല്‍.എയ്ക്കുമെതിരെ ഹിന്ദുസംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മധ്യകേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണിത്. വൈക്കത്തിനും ഏറ്റുമാനൂരിനുമൊപ്പം പ്രാധാന്യം ഈ മഹാക്ഷേത്രത്തിനു കല്പിക്കപ്പെട്ടിരുന്നു. പാര്‍വ്വതി- ഗണപതി- സുബ്രഹ്മണ്യ സമേതനായുള്ള പരമശിവന്റെ അപൂര്‍വ്വമായുള്ള സ്വയംഭൂ പ്രതിഷ്ഠയാണ് ഇവിടെയുള്ളത്.
ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള ക്ഷേത്രനിര്‍മ്മാണം തിരുവിതാംകൂര്‍ രാജകുടുംബവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ക്ഷേത്രത്തിന്‍റെ പേരില്‍ നിന്നാണ് കൂത്താട്ടുകുളത്തിന്‍റെ സ്ഥലനാമമുണ്ടായതെന്നാണ് ഐതിഹ്യം. നിരവധി കൊത്തുപണികളും ചുവര്‍ച്ചിത്രങ്ങളും നിറഞ്ഞതാണ് ഈ ക്ഷേത്രസങ്കേതം. ക്ഷേത്രത്തിന്‍റെ ബലിയ്ക്കല്‍പ്പുരയുടെ മുകളില്‍ രാമായണം പൂര്‍ണ്ണമായും ശില്പരൂപത്തില്‍ ആവിഷ്കരിച്ചിട്ടുണ്ട്.
കാലപ്പഴക്കംകൊണ്ടും ക്ഷേത്ര നടത്തിപ്പുകാരുടെ താത്പര്യക്കുറവുകൊണ്ടും ജീര്‍ണ്ണാവസ്ഥയിലായിരുന്നു. പിന്നീട് ഇതിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. ക്ഷേത്രത്തിന്‍റെപുനരുദ്ധാരണം പ്രഖ്യാപിക്കാനാണ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഇവിടെ എത്തിയതെന്ന് പറയപ്പെടുന്നു.
ക്ഷേത്രപുനരുദ്ധാരണത്തിനായി അഞ്ചു കോടി രൂപ അനുവദിച്ചെന്നും നടപ്പിലാക്കാന്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സെസൈറ്റിയെ ഏല്‍പ്പിച്ചെന്നും അറിയുന്നു. ക്ഷേത്രങ്ങളെ ടൂറിസ്റ്റു കേന്ദ്രങ്ങളാക്കി മാറ്റാനുള്ള കുത്സിതശ്രമമാണ് ഇതിനു പിന്നിലെന്നും ആരോപണമുണ്ട്. പുരുഷന്മാര്‍ ഷര്‍ട്ടൂരിമാറ്റി മാത്രം ക്ഷേത്രദര്‍ശനം നടത്തുക എന്നതാണ് ആചാരം. തന്‍റെ പരിവാരങ്ങളുമായി എത്തിയ മുഹമ്മദ് റിയാസിനൊപ്പം സ്ഥലത്തെ എംഎല്‍എ അനൂപ് ജേക്കബും കൂടിച്ചേരുകയായിരുന്നു.
ഷര്‍ട്ടുധരിച്ച് കയറിക്കൂടാത്ത ബലിയ്ക്കല്‍പ്പുരയിലും മറ്റും താന്‍ നില്‍ക്കുന്ന ഫോട്ടോകള്‍ മുഹമ്മദ് റിയാസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. കൂത്താട്ടുകുളം നഗരസഭ ചെയര്‍പേഴ്സണ്‍ വിജയ ശിവന്‍, സിപിഎം ഏരിയ കമ്മിറ്റി സെക്രട്ടറി പി.ബി. രതീഷ്, എന്നിവര്‍ക്കൊപ്പം നഗരസഭ കൗണ്‍സിലംഗങ്ങളും ആചാരവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുചേര്‍ന്നു. ക്ഷേത്രാചാരലംഘനം നടത്തിയവര്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്. ക്ഷേത്രത്തിന്‍റെ ജീര്‍ണ്ണാവസ്ഥ മുതലെടുത്ത് ആചാര ലംഘനം നടത്തുന്നത് വെച്ചുപൊറുപ്പിക്കാനാവില്ല എന്ന നിലപാടിലാണ് ഭക്തര്‍.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.