റാന്നി: ചെറുകോൽപ്പുഴ റാന്നി റോഡിൻ്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. അഡ്വ. പ്രമോദ് നാരായൺ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്നത് ഉൾപ്പെടെയുള്ള റോഡിൻ്റെ പ്രാധാന്യം എംഎൽഎ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കിഫ്ബി മുഖാന്തരം നടപ്പാക്കുന്ന ചെറുകോൽപ്പുഴ -മണിയാർ റോഡ് പുനരുദ്ധാരണത്തിന് 30 കോടി രൂപയായിരുന്നു ആദ്യം അനുവദിച്ചിരുന്നത്. 40 കി മീ ദൂരം വരുന്ന റോഡിന് പൊതുമരാമത്തിന്റെ എട്ടു റോഡുകളാണ് ഉൾപ്പെട്ടിരുന്നത്. ഒന്നാം ഘട്ടമായിട്ടാണ് ചെറുകോൽപ്പുഴ – റാന്നി റോഡ് എടുത്തത്. 8.7 കിലോമീറ്റർ ദൂരം വരുന്ന റോഡ് പുനരുദ്ധാരണത്തിനായി 54 .61 കോടി രൂപയുടെ അനുമതിയാണ് ലഭിച്ചത്.
ആദ്യം 13.6 മീറ്റർ വീതി പറഞ്ഞിരുന്നെങ്കിലും ഇത് മൂലം വലിയ തോതിൽ ഭൂമി ഏറ്റെടുക്കുന്നതിന് നഷ്ടം സഹിക്കേണ്ടി വരുമെന്ന പരാതി ഉണ്ടായതിനെ തുടർന്ന് ട്രാഫിക് സർവ്വേ നടത്തി റോഡിൻ്റെ വീതി 10.5 മീറ്റർ ആയി ചുരുക്കി. ഭൂമി സൗജന്യമായാണ് ഏറ്റെടുക്കുന്നത്. ആവശ്യമുള്ള സ്ഥലങ്ങളിൽ സംരക്ഷണഭിത്തി കെട്ടി നൽകും. ഇതിനെ ആസ്പദമാക്കിയുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ജലവിഭവ വകുപ്പിന്റെ പൈപ്പുകളും വൈദ്യുത വകുപ്പിന്റെ ലൈനുകളും മാറ്റുന്ന തുകയും വകയിരുത്തേണ്ടതായി ഉണ്ട്. ഇതുകൂടി കഴിഞ്ഞാൽ ഉടൻ റോഡ് നിർമ്മാണം ആരംഭിക്കാനാകും. പെരുനാട് -കണ്ണന്നുമൺ – പുതുക്കട, മണിയാർ – മാമ്പാറ -എരുവാറ്റുപുഴ, കാവനാൽ – പെരുനാട് എന്നീ റോഡുകളാണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കല്യാണിമുക്ക് – അലിമുക്ക് ജണ്ടായിക്കൽ -അത്തിക്കയം, കൂനംകര – തോണിക്കടവ് എന്നീ റോഡുകൾ മൂന്നാംഘട്ടത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്.