കോഴിക്കോട്: കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് പാരമ്പതര ഊര്‍ജസ്രോതസുകള്‍ ഉപയോഗപ്പെടുത്തണമെന്ന് പി. പ്രസാദ്. കാര്‍ഷിക മേഖലയില്‍ കാലാവസ്ഥ അതിജീവനശേഷിയും ഊര്‍ജ കാര്യക്ഷമതയും എന്ന വിഷയത്തില്‍ എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ നേത്യത്വത്തില്‍ നടത്തുന്ന ശില്പശാലകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സൗരോര്‍ജം ഉള്‍പ്പെടെയുള്ള പാരമ്പര്യേതര ഊര്‍ജസ്രോതസുകള്‍ ഉപയോഗപ്പെടുത്തി ബഹിര്‍ഗമനം കുറക്കുന്നതിന് ആവശ്യമായ നടപടികള്‍ കൃഷിയിടാധിഷ്ഠിത ആസൂത്രണ പദ്ധതിയിലൂടെ കൃഷിവകുപ്പ് നടത്തിവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കാലാവസ്ഥ, ഊര്‍ജം, കൃഷി എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. മണ്ണ്, കൃഷിയിടത്തിന്റെ ഭൂപ്രകൃതി, കാലാവസ്ഥ എന്നിവ കൃഷിയുടെ വികാസത്തില്‍ പ്രാധാന്യമുള്ള ഘടകങ്ങളാണ്. പഴയ കാലങ്ങളിലെ കൃഷിരീതികള്‍ക്കും കാലാവസ്ഥക്കും അനുസൃതമായിട്ടാണ് കാര്‍ഷിക കലണ്ടറും കൃഷി പഴഞ്ചൊല്ലുകളും കേരളത്തില്‍ രൂപപ്പെട്ടത്.കാലാവസ്ഥാവ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും ഫലമായി കാര്‍ഷികോല്പാദനത്തില്‍ കുറവ് വന്നു. അതുപോലെ യുദ്ധങ്ങള്‍ കാരണം വളങ്ങളും മറ്റ് ഉത്പാദന ഉപാധികളും കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിന് തടസം സൃഷ്ടിക്കുന്നുണ്ട്. ഇത്തരത്തില്‍ കാര്‍ഷിക മേഖല നേരിടുന്ന വിവിധ പ്രശ്‌നങ്ങള മറികടക്കുവാന്‍ കര്‍ഷകരുടെയൊപ്പം വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ കൃഷിവകുപ്പ് നടത്തിവരുന്നുവെന്നും മന്ത്രി പറഞ്ഞു.