തൃശൂര്‍: സര്‍ക്കാര്‍ കോളജുകളിലെ പ്രിന്‍സിപ്പല്‍ നിയമത്തിനായി ചട്ടം ലംഘിച്ച് ഇടപെട്ടെന്ന ആരോപണം തള്ളി മന്ത്രി ആര്‍ ബിന്ദു. നിയമനത്തിനായി തയാറാക്കിയ പട്ടികയെക്കുറിച്ച്, ഒഴിവാക്കപ്പെട്ടവരില്‍നിന്നു പരാതി വന്നപ്പോള്‍ അതു പരിശോധിക്കാന്‍ നിര്‍ദേശിക്കുക മാത്രമാണ് ചെയ്തതെന്ന് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നീതിനിഷേധം ഉണ്ടാവരുത് എന്ന ഉദ്ദേശ്യത്തോടെയാണ് ഇതു ചെയ്തതെന്നും മന്ത്രി പറഞ്ഞു. യുജിസി നിര്‍ദേശിക്കുന്ന യോഗ്യതയുള്ളവരില്‍നിന്ന് സീനിയോറിറ്റി അനുസരിച്ച് പട്ടിക തയാറാക്കി നിയമനം നടത്തുകയാണ് സംസ്ഥാനത്ത് തുടരുന്ന രീതി. പ്രത്യേക ചട്ട പ്രകാരമാണ് ഇതു നടത്തുന്നത്.
55 പ്രിന്‍സിപ്പല്‍മാരുടെ ഒഴിവാണ് ഗവണ്‍മെന്റ് കോളജുകളില്‍ ഉള്ളത്. ഇതിനായി സെലക്ഷന്‍ കമ്മിറ്റി 67 പേരുടെ പട്ടിക തയാറാക്കി. പിന്നീട് സബ് കമ്മിറ്റി രൂപീകരിച്ച് ഇത് 43 ആക്കി ചുരുക്കി. പട്ടിക സംബന്ധിച്ച് ഒഴിവാക്കപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഒട്ടേറെ പരാതികള്‍ സര്‍ക്കാരിനു ലഭിച്ചു. ഈ പരാതികള്‍ കൂടി പരിഗണിച്ച ശേഷം അന്തിമ പട്ടിക തയാറാക്കാനാണ് നിര്‍ദേശിച്ചത്. നിലവിലെ പട്ടിക തള്ളാതെ തന്നെയാണ് ഇതെന്ന് മന്ത്രി വിശദീകരിച്ചു. പ്രിന്‍സിപ്പല്‍ നിയമനവുമായി ബന്ധപ്പെട്ട് കോടതികളില്‍ കേസുണ്ട്. അതിലെ വിധികളുടെയും നിയമോപദേശത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കുകയെന്ന് മന്ത്രി പറഞ്ഞു.