തിരുവനന്തപുരം: 1950കളിൽ ഇന്ത്യൻ വ്യോമ സേനയിൽ ഒരു മലയാളി വൈമാനികൻ പറത്തിയ വിമാനം ഇപ്പോഴും റിപബ്ലിക് ദിന പുഷ്പവൃഷ്ടിക്കായി സേന ഉപയോഗിക്കുന്നതിനു പിന്നിലെ അപൂർവ കഥ പറഞ്ഞ് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. മന്ത്രിയുടെ സ്വന്തം പിതാവായ എയർ കമഡോർ എം കെ ചന്ദ്രശേഖർ ആയിരുന്നു ആ വൈമാനികൻ. കാലപ്പഴക്കം കാരണം പതിറ്റാണ്ടുകൾക്കു മുമ്പ് വ്യോമ സേന ഒഴിവാക്കിയ ഡെക്കോട്ട ഡിസി-3 ആയിരുന്ന ആ വിമാനം. ഈ വിമാനം കണ്ടെടുത്ത് ലണ്ടനിൽ കൊണ്ടു പോയി പൂർണമായും റീസ്റ്റോർ ചെയ്ത് സുരക്ഷിതമായി പറക്കാവുന്ന നിലയിലാക്കിയ ശേഷം 2018ലാണ് മന്ത്രി രാജീവ് ചന്ദ്രശേഖർ വ്യോമ സേനയ്ക്ക് സമ്മാനിച്ചത്.
തിരുവനന്തപുരത്ത് സൂര്യ കൃഷ്ണമൂർത്തിയുമായുള്ള കൂടിക്കാഴ്ചയിലാണ് മന്ത്രി ഈ കഥയുടെ ചുരുളഴിച്ചത്. ഒരു വ്യോമ സേനാകുടുംബാംഗം എന്ന നിലയിൽ വ്യോമ സേനയുമായുള്ള വൈകാരിക ബന്ധവും ഒപ്പം വിമാനങ്ങളോടുള്ള ഇഷ്ടവും കൂടിചേർന്നപ്പോൾ ആധുനിക ഇന്ത്യയുടെ ചരിത്രത്തിന്റെ ഭാഗമായ പല മിഷനുകളിലും പങ്കെടുത്ത ആ പഴയ ഡെക്കോട്ട വിമാനത്തിന് രണ്ടാം ജന്മം ലഭിക്കുകയായിരുന്നു. ഈ ഡെക്കോട്ട വിമാനത്തിന്റെ ഓർമകൾക്കൊപ്പം തന്റെ കുട്ടിക്കാലത്തെ അച്ഛന്റെ വ്യോമ സേനാ അനുഭവങ്ങളും മന്ത്രി പങ്കുവെച്ചു. അച്ഛൻ ജോലിക്കിറങ്ങുമ്പോൾ പലപ്പോഴും അമ്മ തേങ്ങുന്നത് കണ്ടിട്ടുണ്ട്. എന്ത് കൊണ്ടായിരുന്നു ഇതെന്ന് കുട്ടിയായിരുന്ന എനിക്ക് മനസ്സിലായിരുന്നില്ല. സാങ്കേതികവിദ്യയും സുരക്ഷാ സംവിധാനങ്ങളും ഇന്നത്തെ പോലെ വികസിച്ചിട്ടില്ലാത്ത ആ കാലത്ത് രാത്രി വിമാനം പറത്തുക എന്നത് എത്രമാത്രം അപകടംപിടിച്ച ജോലിയായിരുന്നുവെന്ന് പിന്നീടാണ് എനിക്കു മനസ്സിലായത്.
ഈ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അച്ഛൻ പറത്തിയ വി.പി. 905 എന്ന ഡെക്കോട്ട വിമാനം പിന്നീട് ഞാൻ കണ്ടെടുത്ത് സ്വന്തം ചെലവിൽ പുതുക്കിപ്പണിത് സേനയ്ക്കു സമ്മാനിച്ചത്. ഇന്നും ആ വിമാനം റിപ്പബ്ലിക് ദിനത്തിൽ ഡൽഹിക്ക് മുകളിലൂടെ പറന്ന് പുഷ്പവൃഷ്ടി നടത്തുന്നത് അതീവസന്തോഷം നൽകുന്ന കാഴ്ചയാണ്, മന്ത്രി പറഞ്ഞു. വ്യോമ സേനയുടെ വിന്റേജ് വിമാനങ്ങളുടെ കൂട്ടത്തിൽ താരമാണീ വിമാനമിപ്പോൾ. സ്വാതന്ത്ര്യാനന്തരം ജമ്മു കാശ്മീരിനെ ഇന്ത്യൻ യൂണിയനുമായി കൂട്ടി ചേർക്കുന്ന മിഷനുമായി ആദ്യം ജമ്മുവിലെത്തിയ വിമാനം എന്ന അപൂർവ ചരിത്ര പശ്ചാത്തലവും ഈ വിമാനത്തിനുണ്ടെന്ന് മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സൂര്യ കൃഷ്ണമൂർത്തിയുടെ അനുഭവങ്ങൾ പങ്കുവെച്ചപ്പോഴാണ് മന്ത്രി വ്യോമസേനയുമായുള്ള തന്റെ കുടുംബ ബന്ധം വിശദീകരിച്ചത്.