പത്തനംതിട്ട: പത്തനംതിട്ട നഗരത്തിൽ പഴയ പൈപ്പുകൾ മാറ്റി പുതിയത് സ്ഥാപിക്കാൻ ചുമതലപ്പെടുത്തിയ കരാറുകാരനെ ഒഴിവാക്കിയതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. നിരവധി തവണ സമയം നീട്ടി നൽകിയിട്ടും പ്രവർത്തി പൂർത്തിയാക്കാൻ കരാറുകാരന് സാധിക്കാതെ വന്നതോടെയാണ് ഇവരെ ഒഴിവാക്കാൻ തീരുമാനിച്ചത്. പൈപ്പ് മാറ്റി സ്ഥാപിക്കുന്നത് പൂര്‍ത്തിയാക്കാതെ വന്നതോടെ നഗരത്തിലെ റോഡുകൾ താറുമാറായതിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ടികെ റോഡിൽ പൈപ്പ് ഇട്ടതിന് ശേഷം നേരാവണ്ണം മൂടാത്തതിനെ തുടർന്നുണ്ടായ കുഴി വാട്ടർ അതോറിറ്റി നേരിട്ട് ഇന്ന് തന്നെ താൽക്കാലികമായി പുനർ നിർമിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി.
500 മീറ്ററോളം ദൂരമാണ് അടിയന്തരമായി റീസ്റ്റോർ ചെയ്യുക. കിഫ്ബി ഫണ്ട് ഉപയോഗിച്ച് പത്തനതിട്ട നഗരത്തിലെ പഴയ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവർത്തിയാണ് കരാറുകാരുടെ അനാസ്ഥ മൂലം ദുരിതമായത്. ശേഷിക്കുന്ന ജോലികൾ പല പാക്കേജുകളാക്കി തിരിച്ച് റീടെണ്ടർ ചെയ്ത് ഉടൻ തന്നെ കരാർ നൽകാനും മന്ത്രി റോഷി അഗസ്റ്റിൻ നിർദേശിച്ചിട്ടുണ്ട്. ജില്ലയുടെ ചുമതലയുള്ള മന്ത്രി വീണ ജോർജുമായി ഫോണിൽ സംസാരിച്ച് മന്ത്രി റോഷി അഗസ്റ്റിൻ പ്രശ്നം എത്രയും വേഗം പരിഹരിക്കുമെന്ന് ഉറപ്പ് നൽകി. ശുദ്ധജല പൈപ്പ് സ്ഥാപിക്കാൻ കുഴിച്ച റോഡുകൾ ടാർ ചെയ്ത് പൂർവസ്ഥിതിയിലാക്കാൻ മന്ത്രിമാരായ റോഷി അഗസ്റ്റിനും വീണാ ജോർജും പങ്കെടുത്തയോഗം അനുവദിച്ച 10 ദിവസ സമയം തീർന്നതിന് പിന്നാലെയാണ് കരാറുകാരനെ ടെർമിനേറ്റ് ചെയ്തത്. ഗുരുതര അനാസ്ഥ വരുത്തിയ കരാറുകാരനെതിരെ കേസെടുക്കണമെന്ന് ഇന്നലെ മന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടിരുന്നു.