ചെറുകോല്‍പ്പുഴ : 25 വർഷം മുന്നിൽകണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് ശബരിമലയിൽ നടപ്പാക്കുന്നതെന്ന് സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. 113 -മത് ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ മൂന്നാം ദിവസം ഉച്ചക്ക് ശേഷം നടന്ന അയ്യപ്പഭക്ത സമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ തന്നെ ഏറ്റവും വലിയ തീർത്ഥാട കേന്ദ്രമാണ് ശബരിമല. ശബരിമല തീർത്ഥാടനത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ ഏറെ ശ്രദ്ധയാണ് നൽകുന്നത്. മുൻ വർഷങ്ങളിലെ അപേക്ഷിച്ച് ഇത്തവണ തീർത്ഥാടനം ഏറെ സുഗമമാക്കാൻ സാധിച്ചു. ശബരിമലയോടനുബന്ധമായ സ്ഥലങ്ങൾ വനം വകുപ്പിന്റെതായതിനാൽ ചില പ്രതിസന്ധികൾ ഉണ്ടെന്നും എന്നാൽ മതാതീത തീർത്ഥാടന കേന്ദ്രമായ ശബരിമല തീർത്ഥാടനത്തിന് സർക്കാർ ഏറെ പ്രാധാന്യം നൽകുന്നുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു.
ശബരിമല തീർത്ഥാടനത്തെ അട്ടിമറിക്കാനാണ് വെർച്ച്വൽ ക്യൂ ബുക്കിങ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിച്ച സ്വാമി അയ്യപ്പദാസ് കുറ്റപ്പെടുത്തി. 2018 മുൻപും ലക്ഷക്കണക്കിന് അയ്യപ്പഭക്തർ ശബരിമലയിൽ ദർശനം നടത്തിയിട്ടുണ്ട്. ശബരിമലയിൽ ദിവസം ഒരു ലക്ഷം ഭക്തർ എത്തിയാൽ തിരക്ക് നിയന്ത്രണാതീതമാകുമെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്. എന്നാൽ ദിവസം ഒന്നരക്കോടി തീർത്ഥാടകരിലധികം എത്തിച്ചേരുന്ന മഹാകുംഭമേളയുടെ സംഘാടനം ദേവസ്വം അധികൃതർ കണ്ട് പഠിക്കണമെന്നും അദ്ധ്യക്ഷ പ്രസംഗത്തിൽ സ്വാമി അയ്യപ്പദാസ് പറഞ്ഞു.
ശബരിമല തീർത്ഥാടനത്തെ ദുരിതപൂർണ്ണമാക്കുന്ന അനാവശ്യ നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന് യോഗത്തിൽ സ്വാഗതം പറഞ്ഞ ഹിന്ദു മത മഹാമണ്ഡലം സെക്രട്ടറി രാജ് കുമാറും ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളിൽ ഭാരതീയ സംസ്കാരത്തിന് ഏറെ സ്വീകാര്യത ലഭിക്കുമ്പോഴും ഇവിടെ ഭാരതീയ ഋഷി പാരമ്പര്യത്തെ അവഗണിക്കാനുള്ള പ്രവണത നിലനിക്കുന്നുണ്ടെന്നും അത്തരം പ്രവണതകൾ അവസാനിപ്പിക്കണമെന്നും ഹിന്ദു ഐക്യവേദി വർക്കിങ്ങ് പ്രസിഡന്റ് വത്സൻ തില്ലങ്കരി പറഞ്ഞു. ചടങ്ങിൽ വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷൻ വി ജി തമ്പി, തിരുവല്ല അമൃതാനന്ദമയീ മoത്തിലെ സ്വാമിനി ഭവ്യാമൃതപ്രാണ, അയ്യപ്പസേവാ സംഘം ദേശീയ സെക്രട്ടറി അഡ്വ. ഡി വിജയകുമാർ, ഹിന്ദു മത മഹാമണ്ഡലം എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ജി കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.