തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ നഗ്നതാപ്രദര്‍ശനം നടത്തിയ കേസില്‍ ജയിലിൽനിന്നു പുറത്തിറങ്ങിയ സവാദിന് സ്വീകരണവുമായി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ രംഗത്തെത്തിയതിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം. സവാദിനെ തള്ളിപ്പറഞ്ഞും പെൺകുട്ടിയെ പിന്തുണച്ചും മന്ത്രി വി.ശിവൻകുട്ടിയും രംഗത്തെത്തി. ‘ആരു മാലയിട്ട് സ്വീകരിച്ചാലും, ബസിൽ അതിക്രമത്തിൽ പ്രതികരിച്ച പെൺകുട്ടിയോടൊപ്പം’ എന്നാണ് മന്ത്രി തന്‍റെ സമൂഹമാധ്യമത്തില്‍ കുറിച്ചത്.
ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ സവാദിനെ ആലുവ സബ്ജയിലിന് പുറത്തുവച്ച് മാലയിട്ട് ഓൾ കേരള മെന്‍സ് അസോസിയേഷന്‍ എന്ന സംഘടനയാണു സ്വീകരിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സിനെ കൂട്ടാനായി സവാദിനെതിരെ യുവതി കള്ളപ്പരാതി നൽകിയെന്നാണു സംഘടനയുടെ ആരോപണം. സംഘടനയുടെ നിലപാടിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. അനുമതിയില്ലാതെ എറണാകുളം ജില്ല വിട്ടുപോകരുതെന്നും എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്നും വ്യവസ്ഥയുണ്ട്.