കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ ആരോഗ്യമന്ത്രി വീണ ജോർജിനെ പിന്തുണച്ചും വിമർശിച്ചവരെ പരിഹസിച്ചും വീണ്ടും മന്ത്രി വിഎൻ വാസവൻ രംഗത്ത്. ഒരപകടമുണ്ടായാൽ ആ വകുപ്പിലെ മന്ത്രി രാജി വെക്കണം എന്നാണോ എന്ന് വിഎൻ വാസവൻ ചോദിച്ചു. അങ്ങനെ വന്നാൽ മന്ത്രിമാരുടെ സ്ഥിതി എന്താകും. ആരോഗ്യ മന്ത്രി വന്ന് ഉരുട്ടി ഇട്ടതാണോ. റോഡപകടം ഉണ്ടായാൽ ഗതാഗത വകുപ്പ് മന്ത്രി രാജിവെക്കണോ. വിമാനാപകടം ഉണ്ടായാൽ പ്രധാനമന്ത്രി രാജി വെക്കണമെന്നാണോയെന്നും മന്ത്രി ചോദിച്ചു. മാധ്യമ പ്രവർത്തകരോടാണ് മന്ത്രിയുടെ പരിഹാസം കലർന്നുള്ള പ്രതികരണം.
കർണ്ണാടകത്തിൽ ക്രിക്കറ്റ് താരങ്ങൾ വന്നപ്പോൾ അപകടമുണ്ടായി. ആരേലും മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ടോ?. ആരോഗ്യ സംവിധാനത്തെ നശിപ്പിക്കുകയല്ല, സംരക്ഷിക്കുകയാണ് വേണ്ടത്. ഉണ്ടായ സംഭവത്തെക്കുറിച്ച് പരിശോധിച്ച് വീഴ്ചയുണ്ടേൽ പരിഹരിക്കണമെന്നും വിഎൻ വാസവൻ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജ് വിഷയത്തിൽ പത്തനംതിട്ടയിൽ പാർട്ടിയിൽ നിന്നുയർന്ന വിമർശനത്തോടും മന്ത്രി പ്രതികരിച്ചു. വിമർശനമുണ്ടെങ്കിൽ പരിശോധിക്കും. ഉമ്മൻചാണ്ടി സർക്കാർ കെട്ടിടം ശോചനീയവസ്ഥയിലെന്ന് റിപ്പോർട്ട് നൽകി. അന്ന് ഒന്നും ചെയ്തില്ല. എൽഡിഎഫ് സർക്കാർ വന്നു ആവശ്യമായ തുക വകയിരുത്തി. നാല് പുതിയ കെട്ടിടങ്ങൾ വന്നു. ഉണ്ടായ സംഭവം ദൗർഭാഗ്യകരമാണ്. അടുത്ത ക്യാബിനറ്റിൽ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
പരാതിയുന്നയിച്ച ഡോക്ടർക്കെതിരെ എന്തിനാണ് നടപടിയെന്നായിരുന്നു ഡോ ഹാരിസ് ചിറക്കൽ വിഷയത്തിൽ വാസവൻ്റെ പ്രതികരണം. ഡോ ഹാരിസ് ചിറക്കൽ മികച്ച ഡോക്ടറാണ്. കേരള ജ്യോതി പുരസ്കാരം നൽകി ആദരിച്ച ഡോക്ടറാണ്. അദ്ദേഹത്തെ ദൈവത്തെപ്പോലെയാണ് രോഗികൾ കാണുന്നത്. അദേഹത്തെ ആക്ഷേപിക്കുന്നത് ശരിയല്ല. ദേശാഭിമാനിയിലെ വിമർശനം മാധ്യമങ്ങളെ പഴിചാരലല്ല. യാഥാർത്ഥ്യബോധത്തോടെ പ്രശ്നങ്ങളെ സമീപിക്കണം. പൊടിപ്പും തൊങ്ങലും ചേർത്ത് കാര്യങ്ങൾ വളച്ചൊടിക്കരുതെന്നത് സൃഷ്ടിപരമായ വിമർശനമാണെന്നും മന്ത്രി വ്യക്തമാക്കി.