കോഴിക്കോട് : നിപ വൈറസിന്‍റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം നടക്കുന്നതായി ആരോഗ്യ മന്ത്രി വീണ ജോർജ്. മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും. നിപ ബാധിച്ച് മരിച്ച കുട്ടിക്ക് കോവിഡ് ഉണ്ടായിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
പ്രാഥമിക സമ്പർക്കപട്ടിക തയാറാക്കിയിട്ടുണ്ട്. കുട്ടിയെ പ്രവേശിപ്പിച്ച ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകർ അടക്കമുള്ളവരെ നിരീക്ഷണത്തിലാക്കും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സമ്പർക്കപട്ടിക തയാറാക്കി പ്രതിരോധം ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.
മുൻ അനുഭവം ഉണ്ടായിട്ടും കുട്ടിക്ക് മെഡിക്കൽ കോളജ് വെച്ച് നിപ ടെസ്റ്റ് നടത്താതിരുന്നത് എന്തു കൊണ്ടാണ് എന്ന് അന്വേഷിക്കും. നിപയെ കുറിച്ച് പഠിക്കാൻ കേന്ദ്രസംഘം സംസ്ഥാനത്ത് എത്തിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.ഞായറാഴ്ച പുലർച്ചെയായിരുന്നു ചാത്തമംഗലം സ്വദേശിയായ കുട്ടി മരണപ്പെട്ടത്.
മസ്തിഷ്കജ്വരവും ഛർദ്ദിയും ബാധിച്ചാണ് കുട്ടി ആദ്യമായി ചികിത്സ തേടിയത്. പിന്നീട് നിപയാണെന്ന പ്രാഥമിക നിഗമനത്തിലേക്ക് എത്തുകയായിരുന്നു. തുടർന്ന് പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ സാമ്പിൾ പരിശോധനകളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.