പത്തനംതിട്ട : കെടുകാര്യസ്ഥതയുടേയും അഴിമതിയുടേയും ആൾരൂപമായ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് (വെള്ളിയാഴ്ച്ച) വൈകിട്ട് 4-മണിക്ക് പത്തനംതിട്ട സെന്റ് സ്‌റ്റീഫൻസ് ഓഡിറ്റോറിയത്തിന് സമീപമുള്ള മന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു. കെ.പി.സി.സി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്തിട്ടുള്ള സമര പരിപാടികളുടെ ഭാഗമായാണ് പത്തനംതിട്ടയിലും പ്രതിഷേധ സമരം നടത്തുന്നത്. പ്രതിഷേധ മാർച്ചിൽ പങ്കെടുക്കുവാനുള്ള നേതാക്കളും ഭാരവാഹികളും വൈകിട്ട് 3.30-ന് പത്തനംതിട്ട രാജീവ് ഭവനിൽ എത്തിച്ചേരണം. രാജീവ് ഭവനില്‍ നിന്നും ആരംഭിക്കുന്ന മാർച്ചിന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, ഡി.സി.സി, പോഷകസംഘടനാ ഭാരവാഹികൾ എന്നിവർ നേതൃത്വം നല്കും.
കോട്ടയം മെഡിക്കൽ കോളജിലുണ്ടായ അത്യാഹിതത്തിൽ രക്ഷാപ്രവർത്തനം വൈകിയത് മൂലമാണ് ചികിത്സയിലായിരുന്ന രോഗിയുടെ മാതാവ് മരിക്കാനിടയായത്. തകർന്ന കെട്ടിടത്തെ സംബന്ധിച്ച മന്ത്രിയുടെ തെറ്റായ പ്രസ്താവന രക്ഷാപ്രവർത്തനം വൈകിച്ചു. വീണാ ജോര്‍ജ്ജ് ഭരിക്കുന്ന ആരോഗ്യ വകുപ്പ് നാഥനില്ലാ കളരിയായി മാറിയിരിക്കുന്നതിനാൽ രാജി അല്ലാതെ മറ്റ് വഴികളില്ല. വീണാ ജോര്‍ജ്ജ് സ്വയം രാജിവെക്കാന്‍ തയ്യാറായില്ലെങ്കില്‍ മുഖ്യമന്ത്രി ഇവരെ പുറത്താക്കണമെന്നും ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു.