പത്തനംതിട്ട : കൊടുമണ്‍ സ്വദേശി സനല്‍ ഏലിയാസിന് ജാതി സര്‍ട്ടിഫിക്കറ്റ് കീറാമുട്ടിയായിട്ട് വര്‍ഷം രണ്ട്. താലൂക്ക്-വില്ലേജ് ഓഫീസുകളില്‍ തടസങ്ങള്‍ അനവധിയായപ്പോള്‍ അദാലത്ത് എന്ന പ്രതീക്ഷയിലേക്കെത്തുകയായിരുന്നു. പിന്നാക്ക സമുദായത്തില്‍ നിന്നും 1934 ല്‍ ലത്തീന്‍ സഭയിലേക്ക് ജാതിമാറ്റം നടത്തിയ കുടുംബം. രണ്ടുവര്‍ഷം മുന്‍പ് വരെ ലത്തീന്‍ സമുദായ അംഗം എന്ന നിലയ്ക്കുള്ള ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നു. പക്ഷെ രണ്ടുവര്‍ഷമായി ജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിക്കപ്പെട്ടതോടെ കിട്ടുന്നതൊക്കെ മുടങ്ങി. മതിയായരേഖകള്‍ ഇല്ലെന്നകാരണത്താല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത സാഹചര്യവും. കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കാനും തടസംവന്നു.
1934 ല്‍ ലത്തീന്‍ സമുദായം പത്തനംതിട്ട ജില്ലയില്‍ ഉണ്ടായിരുന്നില്ലെന്നും 1947 ന് ശേഷമാണ് ജില്ലയിലേക്ക് കുടിയേറിവന്നത് എന്ന ചരിത്രപശ്ചാത്തലവും മുന്‍നിര്‍ത്തിയാണ് സാക്ഷ്യപത്രം വില്ലേജ് അധികൃതര്‍ നല്‍കാതിരുന്നത്.
മാമോദീസ സ്വീകരിച്ച രേഖകളുടെ പിന്‍ബലത്തില്‍ ബിഷപ്പ് നല്‍കുന്ന രേഖകള്‍ ഹാജരാക്കിയാല്‍ മതംമാറിയ സര്‍ട്ടിഫിക്കറ്റ് നല്‍കാം എന്ന 2016 ലെ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് അപേക്ഷന് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് മന്ത്രി വീണ ജോര്‍ജ് കൊടുമണ്‍ വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയത്.