തിരുവനന്തപുരം : മന്ത്രി മിന്നല്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ പൂജപ്പുരയിലെ പൊതുമരാമത്ത് കെട്ടിട വിഭാഗം ഓഫീസില്‍ ഡ്യൂട്ടിയിലില്ലാതിരുന്ന അസി.എന്‍ജിനീയര്‍ മമതയെ എറണാകുളം റോഡ്സ് സെക്ഷനിലേക്ക് മാറ്റി. പൊതുമരാമത്ത് ഭരണവിഭാഗം ചീഫ് എന്‍ജിനീയറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇവിടെ ഉദ്യോഗസ്ഥര്‍ പതിവായി മുങ്ങുന്നെന്ന പരാതിയെ തുടര്‍ന്നാണ് തിങ്കളാഴ്ച വൈകിട്ട് മന്ത്രി മുഹമ്മദ് റിയാസ് മിന്നല്‍ പരിശോധന നടത്തിയത്. അസി.എന്‍ജിനീയര്‍ അവധിയിലാണെന്നാണ് സഹപ്രവര്‍ത്തകര്‍ പറഞ്ഞത്. ലീവ് രജിസ്റ്റര്‍ ആവശ്യപ്പെട്ടപ്പോള്‍ എന്‍ജിനീയറുടെ കൈവശമാണെന്ന് മറുപടി നല്‍കി. നാലുപേരുള്ള ഓഫീസില്‍ രണ്ടുപേരെ ഉണ്ടായിരുന്നുള്ളൂ. ഒരാള്‍ സൈറ്റിലാണെന്ന് പറഞ്ഞെങ്കിലും അന്വേഷണം നടന്നുവരികയാണ്. അസി.എന്‍ജിനിയര്‍ അവധി വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചില്ലെന്നും ആക്ഷേപമുണ്ട്.
ഒപ്പിട്ട് മുങ്ങുന്നത് പതിവായതിനാലാകാം അവധി രജിസ്റ്ററും മറ്റ് രേഖകളും നല്‍കാതിരുന്നതെന്ന് ആക്ഷേപമുണ്ട്. വിശദമായ അന്വേഷണത്തിന് നിര്‍ദേശിച്ചിട്ടുണ്ട്. ഓഫീസിലെത്തുന്നവരോട് ജീവനക്കാര്‍ മാന്യമായി പെരുമാറുന്നില്ലെന്നും മന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അജിത് കുമാറിനൊപ്പം മന്ത്രി മിന്നല്‍ പരിശോധന നടത്തിയത്. തലസ്ഥാന നഗരിയിലെ കേരള റോഡ് ഫണ്ട് ബോര്‍ഡ് ഓഫീസിലും ജീവനക്കാരുടെ കൃത്യവിലോപം സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മന്ത്രി മിന്നല്‍ പരിശോധന നടത്തിയിരുന്നു.