തിരുവനന്തപുരം : പരീക്ഷാഭവനില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ മിന്നല്‍പരിശോധന. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലെ എല്ലാ പരീക്ഷകളുടെയും നടത്തിപ്പും ഫലപ്രഖ്യാപനവും നടത്തുന്ന സ്ഥാപനമാണ് പരീക്ഷാ ഭവന്‍. തിരുവനന്തപുരം പൂജപ്പുരയിലെ ഓഫീസില്‍ ഫോണ്‍ ചെയ്താൽ ആരും എടുക്കുന്നില്ല എന്ന പരാതി വ്യാപകമായിരുന്നു.
എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിലെ തെറ്റുകള്‍ തിരുത്തുന്നതുള്‍പ്പെടെ പരീക്ഷാഭവനാണ് ചെയ്യുക. പരാതികള്‍ക്ക് സമയബന്ധിതമായി പരിഹാരമുണ്ടാകുന്നില്ലെന്ന പരാതിയും മന്ത്രിയുടെ ശ്രദ്ധയില്‍വന്നു. ഇന്നുച്ചക്ക് മന്ത്രി പരീക്ഷാഭവനിലേക്ക് വിളിച്ചിട്ടും ആരും ഫോണെടുത്തില്ല, തുടര്‍ന്നാണ് പരീക്ഷാഭവനില്‍ നേരിട്ടെത്തിയത്.
സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും ജീവനക്കാരെ പുനര്‍വിന്യസിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണാജോര്‍ജും മെഡിക്കല്‍ കോളേജില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയിരുന്നു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ പരിശോധന നടത്തിയിരുന്നു. രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ ശൈലിമാറ്റമാണ് മിന്നല്‍ സന്ദര്‍ശനം വ്യക്തമാക്കുന്നത്.