തിരുവനന്തപുരം : പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 80000 സ്ക്വയര്‍ ഫീറ്റോളം വരുന്ന വിശാലമായ പന്തലില്‍ ഒരാഴ്‌ചക്ക് മുന്നേ തുടങ്ങിയ ജോലികളാണ് സത്യപ്രതിജ്ഞക്ക് മണിക്കൂറുകള്‍ക്ക് മുമ്പ് പൂര്‍ത്തിയായത്. കൊവിഡ് പ്രോട്ടോക്കാള്‍ പാലിച്ചാണ് പന്തലിലെ സജ്ജീകരണങ്ങള്‍.
കൊവിഡ് പ്രോട്ടോക്കോളും ട്രിപ്പിള്‍ ലോക്ക് ഡൗണും നിലനില്‍ക്കെ പരമാവധി ആളെ കുറച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പലകോണുകളില്‍ നിന്ന് വിമര്‍ശനങ്ങളും ഉയര്‍ന്നതോടെ അഞ്ഞൂറില്‍ താഴെ പേരെ മാത്രമാണ് ചടങ്ങിന് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ 240 കസേരകളാണ് പന്തലില്‍ ഇട്ടിരിക്കുന്നത്. കൂടുതല്‍ പേര്‍ എത്തിയാല്‍ അതനുസരിച്ചായിരിക്കും ബാക്കി കസേരകള്‍ ഇടുക.
നിയുക്ത മന്ത്രിമാരും മുന്‍ മന്ത്രിമാരും അടക്കം എല്ലാവര്‍ക്കും പേരെഴുതിയ പ്രത്യേകം ഇരിപ്പിടങ്ങളാണ് ക്രിമീകരിച്ചിരിക്കുന്നത്. ഒരു മന്ത്രിക്ക് ഒപ്പം പരമാവധി അഞ്ച് പേര്‍ക്ക് മാത്രമാണ് വേദിയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഓരോ മന്ത്രിമാര്‍ക്കും സമീപത്തായിട്ടാണ് കുടുംബാംഗങ്ങള്‍ക്കുമുളള കസേരകളും ഒരുക്കിയിരിക്കുന്നത്.
ഒരു പ്രധാന പന്തലിനൊപ്പം രണ്ട് ഉപപന്തലുകള്‍ വേറെയും സജ്ജമാക്കിയിട്ടുണ്ട്. ചടങ്ങിനെത്തുന്നവര്‍ പോലും പരസ്പരം ഇടകലരാതെ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്ന വിധമാണ് ക്രമീകരണങ്ങള്‍. ചടങ്ങിലേക്ക് ക്ഷണമുണ്ടെങ്കിലും കൊവിഡ് വ്യാപന കാലത്തെ ഔചിത്യം കണക്കിലെടുത്ത് പ്രമുഖരില്‍ പലരും എത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷവും ചടങ്ങില്‍ പങ്കെടുക്കില്ല.
സത്യപ്രതിജ്ഞാ ചടങ്ങ് തടസമില്ലാതെ കാണാന്‍ വലിയ വീഡിയോ വാളുകള്‍ അടക്കം വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വെര്‍ച്വല്‍ സംഗീത ആല്‍ബവും സജ്ജമായിട്ടുണ്ട്. 52 ഗായകരും സംഗീതഞ്ജരും അണിചേര്‍ന്നാണ് നവകേരള ഗീതാഞ്ജലി ഒരുക്കിയിരിക്കുന്നത്. ഇ എം എസ് മുതല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ വരെ നവകേരള നിര്‍മ്മാണത്തില്‍ വഹിച്ചവരുടെ പങ്ക് വരച്ച് കാട്ടുന്നതാണ് സംഗീത ആല്‍ബം.