തിരുവനന്തപുരം : കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം തകര്‍ന്ന് വീട്ടമ്മ മരിച്ച സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ച ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും സഹകരണ മന്ത്രി വിഎന്‍ വാസവനുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. തകര്‍ന്ന കെട്ടിടം അടഞ്ഞു കിടക്കുന്നതാണെന്നും അതില്‍ ആളില്ലെന്നുമുള്ള രണ്ടുമന്ത്രിമാരുടെ പ്രസ്താവന ഒരു ജീവന്‍ നഷ്ടപ്പെടുന്നതിന് കാരണമായി. മന്ത്രിമാരുടെ ഉത്തരവാദിത്തമില്ലായ്മയും അലംഭാവവും ഒരു മനുഷ്യജീവന്‍ നഷ്ടപ്പെടുത്തി. സര്‍ക്കാരിന്റെ പ്രതിച്ഛായ സംരക്ഷിക്കുന്നതിനാണ് മന്ത്രിമാര്‍ മുന്‍ഗണന നല്‍കിയത്. ഈ ദാരുണ സംഭവത്തില്‍ ഒന്നും രണ്ടും പ്രതികള്‍ മന്ത്രിമാരാണ്. ഡോ. ഹാരീസ് ഹസന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രികളിലെ ദുരവസ്ഥ കേരളം കേട്ടതാണ്. മരുന്നും ഉപകരണങ്ങളും ഇല്ലാത്ത ശോചനീയാവസ്ഥയാണ് മെഡിക്കല്‍ കോളേജുകള്‍.
ആരോഗ്യമേഖയുടെ സമ്പൂര്‍ണ്ണ തകര്‍ച്ചയ്ക്ക് തെളിവ് കൂടിയാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടം. അതിനാല്‍ ഈ സംഭവങ്ങളുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവെയ്ക്കണം. ചാണ്ടി ഉമ്മന്റെ ഇടപെടലിനെ തുടര്‍ന്നാണ് അപകടത്തില്‍പ്പെട്ട കെട്ടിടത്തിനടിയില്‍ ആളുണ്ടെന്ന് കണ്ടെത്തിയത്. നേരത്തെ തന്നെ സര്‍ക്കാര്‍ സംവിധാനം ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഒരു ജീവന്‍ രക്ഷപ്പെടുത്താമായിരുന്നു. സര്‍ക്കാരിന്റെയും മന്ത്രിമാരുടെയും അനാസ്ഥയില്‍ ജീവന്‍ നഷ്ടപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് വേണ്ടി വാദിക്കുകയും പ്രതിഷേധിക്കുകയും ചെയ്ത ചാണ്ടി ഉമ്മന്‍ എംഎല്‍എയെ ഒന്നാം പ്രതിയാക്കി കേസെടുത്ത നടപടി പ്രതിഷേധാര്‍ഹമാണെന്നും ഹസന്‍ പറഞ്ഞു.
കെട്ടിടം തകര്‍ന്ന സംഭവത്തില്‍ ജില്ലാ കളക്ടറുടെ അന്വേഷണം സ്വീകാര്യമല്ല. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിസ്ഥാനത്ത് വരുന്ന സംഭവമാണിത്. അതുകൊണ്ട് ജുഡീഷ്യല്‍ അന്വേഷണം നടത്തണം. കാലപ്പഴക്കം ചെന്ന കെട്ടിടത്തില്‍ അറ്റകുറ്റപ്പണി നടത്താതെയും സുരക്ഷ ഉറപ്പാക്കാതെയും പ്രവര്‍ത്തനാനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി വേണം. അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരവും മക്കള്‍ക്ക് ജോലിയും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.