കൊല്ലം : മുഖത്തലയില്‍ എട്ടാം ക്ലാസുകാരിയെ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ വീട്ടില്‍ കടന്നുകയറി ആക്രമിച്ചു. കുട്ടിയുടെ അച്ഛനും അമ്മയും കൊട്ടിയം പോലീസില്‍ പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്ന് ആക്ഷേപം. തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനിലും പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 15നാണ് സംഭവം നടന്നത്. അയല്‍വാസികളായ 16ഉം 17ഉം വയസുകാരാണ് 13കാരിയോട് അതിക്രമം കാട്ടിയത്. വീട്ടില്‍ മറ്റാരുമില്ലാത്ത സമയം എത്തിയ ഇരുവരും കുട്ടിയോട് വെള്ളം ആവശ്യപ്പെടുകയും പെണ്‍കുട്ടി അകത്തേക്ക് പോയ സമയം വീടിനുള്ളില്‍ കയറി ബലപ്രയോഗം നടത്തുകയുമായിരുന്നു.
ഇരുവരെയും തള്ളിമാറ്റി പെണ്‍കുട്ടി പുറത്തേക്കോടി രക്ഷപ്പെട്ടു. അയല്‍വാസിയുടെ വീട്ടിലേക്ക് ഓടിക്കയറിയ കുട്ടി വിവരം അവരെ ധരിപ്പിച്ചു. അവര്‍ കുട്ടിയുടെ അച്ഛനെയും അമ്മയെയും അറിയിക്കുകയായിരുന്നു. കൂലിപ്പണിക്കാരായ അച്ഛനും അമ്മയും അന്നുതന്നെ കൊട്ടിയം പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും ഒരു തുടര്‍ നടപടിയും ഉണ്ടായില്ല. സംഭവത്തെ തുടര്‍ന്ന് മാനസികമായി ഏറെ തകര്‍ന്ന കുട്ടിയെ കഴിഞ്ഞ ദിവസം അക്രമികളിലൊരാളുടെ ബന്ധു ഭീഷണിപ്പെടുത്തിയതായും അവര്‍ പറയുന്നു.